സ്പെയിനിൽ രണ്ടു രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു

സ്പെയിനിൽ രക്തസാക്ഷികളായ ഫാ. കയെത്താനൊ ക്ലൗസെയാസ് ബയ്വേ (Cayetano Clausellas Ballvé), അന്തോണിയൊ തോർത്ത് റെയിസാക്സ് (Antonio Tort Reixachs) എന്നിവർ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു. ബർസെലോണയിലെ തിരുക്കുടുംബ ബസിലിക്കയിൽ നവംബർ 23 ന് ആയിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപന തിരുക്കർമ്മം.

ഫ്രാൻസിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു. രൂപതാ വൈദികനായിരുന്ന ഫാ. കയെത്താനൊ ക്ലൗസെയാസ് ബയ്വേയും അൽമായനായിരുന്ന അന്തോണിയൊ തോർത്ത് റെയിസാക്സും സ്പെയിനിൽ മതപീഢനകാലത്ത് 1936-ലാണ് വധിക്കപ്പെട്ടത്.

ഫാ. കയെത്താനൊ ക്ലൗസെയാസ് ബയ്വേയുടെ ജനനനം 1863 ആഗസ്റ്റ് 5-ന് ബർസെലോണയിലെ സബദേൽ എന്ന സ്ഥലത്തായിരുന്നു.1888 മെയ് മൂന്നിന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വിവിധങ്ങളായ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടു. തീവ്രവിരക്തി, ദാരിദ്ര്യം, എളിമ എന്നിവയാൽ മുദ്രിതമായിരുന്നു വാഴ്ത്തപ്പെട്ട കയെത്താനൊയുടെ ജീവിതം. രണ്ടു പതിറ്റാണ്ടോളം ഒരു വൃദ്ധ സദനത്തിൽ അജപാലന ദൗത്യം നിർവ്വഹിച്ച അദ്ദേഹത്തെ 1936 ആഗസ്റ്റ് 14-ന് സൈന്യം പിടികൂടുകയും അടുത്ത ദിവസം, അതായത്, പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനത്തിൽ വധിക്കുകയും ചെയ്തു.

വാഴ്ത്തപ്പെട്ട അന്തോണിയൊ തോർത്ത് റെയിസാക്സും ബർസെലോണക്കാരനാണ്. 1895 മാർച്ച് 28-നായിരുന്നു ജനനം. 1917-ൽ ഹൊസേഫ ഗാവിൻ സഗാർദിയയെ വിവാഹം ചെയ്തു. 11 മക്കളുടെ പിതാവായിരുന്ന അന്തോണിയൊ തീക്ഷ്ണമതിയായ ഒരു ക്രൈസ്തവനും പാവങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവും ദിവ്യകാരുണ്യത്തിൻറെയും പരിശുദ്ധ കന്യകാമറിയത്തിൻറെയും ഭക്തനും ആയിരുന്നു. മതപീഢന വേളയിൽ, ജീവന് അപകടമാണ് എന്ന ബോധ്യമുണ്ടായിരുന്നിട്ടും, അദ്ദേഹം നിരവധി വൈദികർക്കും സന്ന്യസ്തർക്കും സ്വഭവനത്തിൽ അഭയം നല്കി. 1936 ഡിസംബർ ഒന്നിന് സായുധ സൈന്യം അദ്ദേഹത്തിൻറെ ഭവനത്തിലേക്ക് ഇരച്ചുകയറുകയും എല്ലാം കവർന്നെടുക്കുകയും അദ്ദേഹത്തെ പിടിച്ചുകൊണ്ടു പോയി പീഢിപ്പിക്കുകയും ചെയ്തു. മൂന്നാം തീയതി രാത്രി സൈന്യം അന്തോണിയൊയെ മോന്ത്കാദ സെമിത്തേരിയുടെ സമീപത്തുകൊണ്ടുപോയി വെടിവെച്ചു കൊല്ലുകയായിരുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.