ദക്ഷിണ കൊറിയയുടെ സ്വന്തം മിഷനറി

70 വർഷത്തെ പൗരോഹിത്യജീവിതത്തിന്റെ ഭൂരിഭാഗം സമയവും ദക്ഷിണ കൊറിയയിലെ കത്തോലിക്കാസഭയെ സേവിക്കുന്നതിനായി മാറ്റിവച്ച ഒരു ഫ്രഞ്ച് മിഷനറിയാണ് ബിഷപ്പ് റെനെ ആൽബർട്ട് ഡ്യൂപോണ്ട്. 1969 മുതൽ 1990 വരെ ആൻഡോങ്ങിലെ ചെറിയ രൂപതയുടെ ആദ്യത്തെ ബിഷപ്പായിരുന്നു 93 വയസ്സുള്ള ഈ വൈദികൻ.

1953 ജൂൺ 29-ന് ഫ്രാൻസിൽ പുരോഹിതനായി അഭിഷിക്തനായി. 1954-ൽ ഒരു മിഷനറിയായി കൊറിയയിലെത്തിയപ്പോൾ യുദ്ധം അവസാനിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്‌ത കേന്ദ്രങ്ങളിലൊന്നാണ് ആൻഡോംഗ്. ഈ സമൂഹത്തെ വളരാൻ സഹായിക്കുന്നതിന് ബിഷപ്പ് ഡ്യൂപോണ്ട് അവരുടെ കൂടെനിന്നു.

“അക്കാലത്ത് വളരെ പിന്നോക്കം നിൽക്കുന്ന ഒരു രാജ്യമായിരുന്നു ഇത്. എന്നാൽ, ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ആളുകൾ ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും വളരെയധികം പുരോഗതി പ്രാപിച്ചു. ഇന്ന് വിവാഹബന്ധങ്ങളുടെ തകർച്ച കാരണം ജനസംഖ്യ കുറയുന്നു; കുടിയേറ്റപ്രശ്‌നം കാരണം ആൻഡോങ് രൂപത പോലുള്ള ഗ്രാമപ്രദേശങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്” – ഇദ്ദേഹം പറയുന്നു.

ആൻഡോങ് രൂപത സ്ഥാപിതമായ കാലത്തെ അപേക്ഷിച്ച് ഇന്ന് ഇവിടെ വിശ്വാസികൾ കുറവാണ്. യുവജങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. പല ഇടവകകളിലും ഞായറാഴ്ച കാറ്റക്കിസം പോലുമില്ല. എങ്കിലും ദൈവത്തിന് എല്ലാം ചെയ്യാൻകഴിയുമെന്ന ശുഭാപ്‌തിവിശ്വാസം ഈ വൈദികനെ മുമ്പോട്ടുനയിക്കുന്നു.

“ഞാൻ നിശ്ശബ്ദതയിൽ കർത്താവിനെ കേൾക്കാൻ ശ്രമിക്കുന്നു. ഞാൻ കർത്താവിന്റെ മുമ്പിൽ ഒരു ദിവസം ഒരു മണിക്കൂർ നിശ്ശബ്ദനായി പ്രാർഥിക്കുന്നു. ഓരോ ദിനവും ഞാൻ ചെയ്യേണ്ടത് തിരിച്ചറിയാൻ സഹായിക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു. ഒരു വൈദികനെന്ന നിലയിൽ എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴും ഇങ്ങനെയാണ് ജീവിച്ചത്; വേറെ ഒന്നും ചെയ്യാനില്ല” – ബിഷപ്പ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.