മാർപാപ്പ പ്രാർഥന അഭ്യർഥിച്ച, യുദ്ധത്താൽ പീഡിപ്പിക്കപ്പെടുന്ന ആറു രാജ്യങ്ങൾ

ലോകത്തിൽ സമാധാനം ആവശ്യമുള്ള രാജ്യങ്ങളെ മറക്കരുതെന്ന് ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് പലതവണ അഭ്യർഥിച്ചിട്ടുണ്ട്. ഫെബ്രുവരി 14 മുതൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പ ലോകത്തിൽ സമാധാനമില്ലാതെ ക്ലേശിക്കുന്ന രാജ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നത് തുടരുകയാണ്. ക്രൈസ്തവർ പീഡനമേൽക്കുന്ന, യുദ്ധത്താൽ വലയുന്ന രാജ്യങ്ങൾ ഏവയെന്ന് പരിശോധിക്കാം.

ഉക്രൈൻ

ഉക്രൈനിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് റഷ്യ അധിനിവേശം ആരംഭിച്ചതിനുശേഷം, നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർ പരിക്കേൽക്കുകയോ ഭവനരഹിതരാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ദശലക്ഷക്കണക്കിന് യുദ്ധ ഇരകൾക്കും വേണ്ടി പ്രാർഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ ആഹ്വാനം ചെയ്തിട്ടുണ്ട്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, എല്ലാ തടവുകാരെയും മോചിപ്പിക്കാനും ആവശ്യമുള്ളവർക്ക് മാനുഷിക സഹായം ലഭ്യമാക്കാനും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഉക്രൈൻ – റഷ്യ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്കുകൾ അജ്ഞാതമാണെങ്കിലും, ഏകദേശം ഒരു ദശലക്ഷം ആളുകൾ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് 2024 സെപ്റ്റംബറിൽ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 2022 ഫെബ്രുവരി മുതൽ കുറഞ്ഞത് 12,600 സിവിലിയന്മാർ കൊല്ലപ്പെട്ടതായും 29,390 സിവിലിയന്മാർക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

2023-ൽ ഫ്രാൻസിസ് പാപ്പ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ സന്ദർശിച്ചിരുന്നു. പ്രകൃതി ദുരന്തങ്ങൾ, സായുധ സംഘട്ടനങ്ങൾ, പകർച്ചവ്യാധികൾ എന്നിവയാൽ വഷളായ കോംഗോയുടെ സങ്കീർണ്ണമായ മാനുഷിക സാഹചര്യം അവിടെയുണ്ട്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പൊതുസന്ദർശനത്തിൽ പങ്കെടുത്ത വിശ്വാസികളോട് പരിശുദ്ധ പിതാവ് പലപ്പോഴും കോംഗോയിലെ ദുരിതത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഫെബ്രുവരി 14 ന്, കോംഗോയിലെ 21.2 ദശലക്ഷത്തിലധികം ആളുകൾക്ക് സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസ് റിപ്പോർട്ട് ചെയ്തു.

നോർത്ത് കിവുവിലെ ഗോമയും സൗത്ത് കിവുവിലെ ബുക്കാവും റുവാണ്ടൻ പോരാളികളുടെ പിന്തുണയുള്ള M23 സേന കഴിഞ്ഞ മാസം ഒരു പ്രൊട്ടസ്റ്റന്റ് പള്ളിയിൽ 70-ലധികം പേരെ കൂട്ടക്കൊല ചെയ്യുകയും നോർത്ത് കിവുവിൽ തീവ്രവാദികൾ 100 പേരെ ബന്ദികളാക്കുകയും ചെയ്തു. ക്രിസ്ത്യാനികളെ സായുധ സംഘങ്ങൾ ലക്ഷ്യം വയ്ക്കുന്നതായി എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് റിപ്പോർട്ട് ചെയ്തു.

മ്യാൻമർ

2021-ലെ സൈനിക അട്ടിമറിയിലൂടെ ജനാധിപത്യ ഭരണത്തിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനം തടസ്സപ്പെട്ടതിനുശേഷം, വർധിച്ചുവരുന്ന രാഷ്ട്രീയ അക്രമങ്ങൾ മൂലം വലയുന്ന, മ്യാന്മാർ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. രാജ്യത്തെ പ്രായമായവരെയും, കുട്ടികളെയും, രോഗികളെയും, റോഹിംഗ്യൻ വംശീയ ന്യൂനപക്ഷത്തെയും ഓർമ്മിക്കാൻ പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അടിയന്തര ഫണ്ട് (യുണിസെഫ്) പ്രസിദ്ധീകരിച്ച ഫെബ്രുവരി 21 ലെ റിപ്പോർട്ട് പ്രകാരം, 18.6 ദശലക്ഷത്തിലധികം ആളുകൾക്ക് മാനുഷിക സഹായം ആവശ്യമുണ്ട്. അവരിൽ 6 ദശലക്ഷം പേർ കുട്ടികളാണ്.

സുഡാൻ

2023 ഏപ്രിലിൽ സുഡാനിൽ ആരംഭിച്ച സംഘർഷം ലോകത്തിലെ ഏറ്റവും ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുന്നു. ജനുവരി 26-ന് നടത്തിയ ആഞ്ചലൂസ് പ്രസംഗത്തിൽ, സുഡാനിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് സമാധാന ചർച്ചകൾ നടത്താനും ശത്രുത അവസാനിപ്പിക്കാനും പാപ്പ അഭ്യർഥിച്ചു. മാർച്ച് പത്തിലെ ഒരു റിപ്പോർട്ടിൽ, ലോകാരോഗ്യ സംഘടന (WHO) സുഡാനിലെ സംഘർഷം “ലോകത്തിലെ ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ കുടിയിറക്ക പ്രതിസന്ധിക്ക് കാരണമായി. 12.8 ദശലക്ഷം പേർ നിർബന്ധിതമായി കുടിയിറക്കപ്പെട്ടു” എന്ന് വെളിപ്പെടുത്തി. രാജ്യത്തിന്റെ പോഷകാഹാരക്കുറവ് നിരക്ക് ആഗോളതലത്തിൽ ഏറ്റവും ഉയർന്നതാണ് എന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. അഞ്ചു വയസ്സിന് താഴെയുള്ള 4.9 ദശലക്ഷം കുട്ടികളും ഗർഭിണികളും ഗുരുതരമായി പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.

ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ 2024 ഓഗസ്റ്റിൽ സുഡാനിൽ കോളറ പൊട്ടിപ്പുറപ്പെടുന്നതിനും കാരണമായി.ഇത് 55,000 കേസുകളിൽ 1,500 മരണങ്ങൾക്ക് കാരണമായി.

പലസ്തീൻ

1967 മുതൽ ഇസ്രായേൽ കൈവശപ്പെടുത്തിയിരിക്കുന്ന രണ്ട് പലസ്തീൻ പ്രദേശങ്ങളായ ഗാസയിലും വെസ്റ്റ് ബാങ്കിലും (കിഴക്കൻ ജറുസലേം ഉൾപ്പെടെ) പതിറ്റാണ്ടുകളായി നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയുടെയും അക്രമത്തിന്റെയും ആഘാതത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പ ആശങ്ക പങ്കുവച്ചു. 2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ-ഹമാസ് യുദ്ധം പ്രഖ്യാപിച്ചതിനുശേഷം, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈക്കമ്മീഷണറുടെ 2025 ഫെബ്രുവരിയിലെ റിപ്പോർട്ട് പ്രകാരം സംഘർഷത്തിൽ 100,000-ത്തിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, 2023 നവംബർ ഒന്നിനും 2024 ഒക്ടോബർ 31 നും ഇടയിൽ ഗാസയിൽ കുറഞ്ഞത് 34,399 പലസ്തീനികൾ – അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ് – കൊല്ലപ്പെട്ടു.

ഇസ്രായേൽ

2023 ഒക്ടോബർ 7 ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് 250-ലധികം ഇസ്രായേലികളെ ബന്ദികളാക്കി. ബി ബി സി  റിപ്പോർട്ട് പ്രകാരം, അതേ ദിവസം തന്നെ കുറഞ്ഞത് 1,200 ഇസ്രായേലികൾ കൊല്ലപ്പെട്ടു. തീവ്ര ഇസ്ലാമിക ഭീകര സംഘടനയ്‌ക്കെതിരെ ഇസ്രായേലിന്റെ യുദ്ധ പ്രഖ്യാപനത്തിന് കാരണമായ ആക്രമണത്തെ പരിശുദ്ധ പിതാവ് ശക്തമായി അപലപിച്ചു.

“ഇസ്രായേലികൾക്കും പലസ്തീനികൾക്കും സംഭാഷണത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പാലങ്ങൾ പുനർനിർമ്മിക്കാൻ കഴിയുമെന്നാണ് എന്റെ പ്രാർഥനാ പൂർവമായ പ്രത്യാശ,” പരിശുദ്ധ പിതാവ് 2025 ലെ തന്റെ പ്രസംഗത്തിൽ പറഞ്ഞു. വിശുദ്ധ നാട്ടിലെ ക്രിസ്ത്യാനികൾക്കും, ജൂതന്മാർക്കും, മുസ്ലീങ്ങൾക്കും ഇടയിൽ ഐക്യത്തിനും, പരസ്പര ബഹുമാനത്തിനും വേണ്ടി മാർപാപ്പ നിരന്തരം പ്രാർഥിക്കാറുണ്ട്.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.