ഫ്രാൻസിസ് മാർപാപ്പയുടെ സിംഗപ്പൂരിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തോടനുബന്ധിച്ച് അവിടുത്തെ കത്തോലിക്കാ സമൂഹം തീം സോംഗ് പുറത്തിറക്കി. സിംഗപ്പൂർ ബാൻഡ് മിസ്റ്റിക് ഫോണ്ടിന്റെ സ്ഥാപകാംഗവും സെന്റ് മേരി ഓഫ് ദ ഏഞ്ചൽസ് ചർച്ച് ഇടവകാംഗവുമായ എഥാൻ ഹ്സു ആണ് ‘വൺ ചർച്ച്, വൺ പീപ്പിൾ’ എന്നു പേരിട്ടിരിക്കുന്ന ഈ ഗാനം രചിച്ചത്.
ഉല്പത്തി മുതൽ പുതിയനിയമം വരെയുള്ള രക്ഷയുടെ കഥ പറയുന്ന ഈ ഗാനം ആരാധനാക്രമതത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതിനും സഭയ്ക്കുള്ളിലെ ഐക്യം വളർത്തുന്നതിനുംവേണ്ടിയാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് സംഘാടകർ വെളിപ്പെടുത്തുന്നു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിൽ സെപ്റ്റംബർ രണ്ടു മുതൽ 13 വരെ മാർപാപ്പ സന്ദർശനം നടത്തും. 11 ദിവസം നീണ്ടുനിൽക്കുന്ന, ഫ്രാൻസിസ് പാപ്പായുടെ ഏറ്റവും ദൈർഘ്യമേറിയ യാത്രയാണിത്.