എ ഐ യിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഗോളതലത്തിൽ നടത്തിയ അന്വേഷണത്തിൽ നിരവധി പേർ അറസ്റ്റിൽ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾക്കെതിരെ ലോകമെമ്പാടും നടത്തിയ ഒരു ഓപ്പറേഷനിൽ കുറഞ്ഞത് 25 അറസ്റ്റ് നടന്നതായി യൂറോപ്യൻ യൂണിയന്റെ നിയമനിർവഹണ സംഘടനയായ യൂറോപോൾ പറഞ്ഞു. ഏജൻസിയുടെ അഭിപ്രായത്തിൽ, പ്രായപൂർത്തിയാകാത്തവരുടെ പൂർണ്ണമായും എ ഐ നിർമ്മിതചിത്രങ്ങൾ വിതരണം ചെയ്യുന്നതിൽ ഏർപ്പെട്ടിരുന്ന ഒരു ക്രിമിനൽഗ്രൂപ്പിലെ അംഗങ്ങളായിരുന്നു പ്രതികൾ.

“കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ (CSAM) ഉൾപ്പെടുന്ന ആദ്യ ഓപ്പറേഷനുകളിൽ ഒന്നാണിത്. ഈ കുറ്റകൃത്യങ്ങൾക്കെതിരായ ദേശീയ നിയമനിർമ്മാണത്തിന്റെ അഭാവം ഇതിനെ അന്വേഷകർക്ക് അസാധാരണമാംവിധം വെല്ലുവിളി നിറഞ്ഞതാക്കി” – യൂറോപോൾ പറഞ്ഞു.

ഫെബ്രുവരി 26 ബുധനാഴ്ച ഡാനിഷ് നിയമപാലകരുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ കംബർലാൻഡിനിടെ ഒരേസമയം നിരവധി അറസ്റ്റുകൾ നടന്നതായി ഒരു പ്രസ്താവനയിൽ പറയുന്നു. കുറഞ്ഞത് 18 രാജ്യങ്ങളിൽ നിന്നുള്ള അധികാരികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും വരും ആഴ്ചകളിൽ കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുന്നുണ്ടെന്നും യൂറോപോൾ വെളിപ്പെടുത്തി. അറസ്റ്റുകൾക്കുപുറമെ, ഇതുവരെ 272 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 33 വീടുകളിൽ പരിശോധന നടത്തിയെന്നും 173 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു.

2024 നവംബറിൽ അറസ്റ്റിലായ ഒരു ഡാനിഷ് പൗരനാണ് പ്രധാന പ്രതിയെന്നും അയാൾ ഒരു എ ഐ ജനറേറ്റഡ് മെറ്റീരിയൽ വിതരണം ചെയ്യുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം നടത്തിയിരുന്നു എന്നും യൂറോപോൾ പറയുന്നു. കൃത്രിമമായി നിർമ്മിച്ച ഈ ചിത്രങ്ങൾ വളരെ എളുപ്പത്തിൽ സൃഷ്ടിക്കപ്പെടുന്നതിനാൽ, കാര്യമായ സാങ്കേതിക പരിജ്ഞാനം ഇല്ലാതെപോലും കുറ്റകൃത്യങ്ങൾ ചെയ്യാൻ ഉദ്ദേശിച്ചുള്ള വ്യക്തികൾക്ക് ഇവ നിർമ്മിക്കാൻ കഴിയും എന്ന് യൂറോപോളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ ഡി ബോലെ പറഞ്ഞു. ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ നിയമപാലകർ പുതിയ അന്വേഷണ രീതികളും ഉപകരണങ്ങളും വികസിപ്പിക്കേണ്ടതുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ ലൈംഗിക ദുരുപയോഗ എ ഐ ചിത്രങ്ങൾ കൂടുതലായി നിർമ്മിക്കപ്പെടുകയും ഓപ്പൺ വെബിൽ അവ കൂടുതൽ പ്രചാരത്തിലാകുകയും ചെയ്യുന്നുണ്ടെന്ന് ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ (IWF) മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ വർഷത്തെ ഗവേഷണത്തിൽ, ഒരുമാസത്തിനുള്ളിൽ ഒരു ഡാർക്ക് വെബ്‌സൈറ്റിൽ നിന്ന് 3,512 എ ഐ ബാല ലൈംഗികപീഡനത്തിന്റെയും ചൂഷണത്തിന്റെയും ചിത്രങ്ങൾ കണ്ടെത്തിയതായി ചാരിറ്റി കണ്ടെത്തി. കഴിഞ്ഞ വർഷത്തെ ഒരു മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 10% വർധനവുണ്ടായതായിട്ടാണ് കണ്ടെത്തൽ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.