![Servant-of-God-Pierangelo-Capuzzimati](https://i0.wp.com/www.lifeday.in/wp-content/uploads/2025/02/Servant-of-God-Pierangelo-Capuzzimati.jpg?resize=696%2C435&ssl=1)
ദൈവദാസൻ പിയറാഞ്ചലോ കപ്പുസിമാത്തിയുടെ നാമകരണ നടപടികളുടെ രൂപതാതല പ്രവർത്തനങ്ങൾ ജനുവരി 20-ാം തീയതി പൂർത്തിയായി. ലുക്കീമിയ ബാധിച്ച് തീവ്രമായ രോഗാവസ്ഥയിലും ദൈവവിശ്വാസത്തിൽ ഉറച്ചുനിന്ന ഇറ്റാലിയൻ യുവാവായിരുന്നു പിയറാഞ്ചലോ. 2008 ഏപ്രിൽ മുപ്പതാം തീയതിയാണ് സമർപ്പണത്തിന്റെ ഉത്തമ മാതൃക നൽകി 17-ാം വയസ്സിൽ അദ്ദേഹം നിത്യത പ്രാപിച്ചത്.
“മാതൃകകൾ തേടുന്ന പുതിയ തലമുറയ്ക്കുള്ള ഉത്തരമാണ് പിയറാഞ്ചലോയുടെ ജീവിതം. വലിയ പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസവും പ്രത്യാശയും നമ്മെ പ്രാപ്തരാക്കുമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു” – പോസ്റ്റുലേറ്റർ ഫാ. ക്രിസ്റ്റ്യൻ കറ്റാചിയോ പറയുന്നു.
ആഞ്ചെലൊ – ഗിസെപ്പിന ദമ്പതികളുടെ മകനായി 1990 ജൂൺ 28-ാം തീയതി, ഇറ്റലിയിലെ ഫാജിയാനോ പ്രദേശത്താണ് പിയറാഞ്ചലൊ ജനിച്ചത്. സാറ ഇളയ സഹോദരിയാണ്.
2004 ലെ വേനൽക്കാലത്താണ് പിയറാഞ്ചലോയ്ക്ക് ലുക്കീമിയ സ്ഥിരീകരിച്ചത്. “അവന്റെ രോഗം ഞങ്ങളെ ആകെ തകർത്തുകളഞ്ഞു. എന്നാൽ രോഗത്തെക്കുറിച്ച് അവൻ ഒരിക്കലും പരാതി പറഞ്ഞില്ല. അവന്റെ ആന്തരികയാത്ര ദൈവത്തിനു മാത്രമേ അറിയൂ. അവന്റെ ആത്മബലവും ആത്മനിയന്ത്രണവും അദ്ഭുതാവഹമായിരുന്നു. ആന്തരീകമായ ഒരു സമാധാനം അവൻ അനുഭവിച്ചിരുന്നു. അവന്റെ സംസാരവും പെരുമാറ്റവും സമീപനങ്ങളും ചുറ്റുമുള്ളവർക്ക് പ്രചോദനമായിരുന്നു. എല്ലാം സാധാരണമെന്നപോലെ ആയിരുന്നു അവന്റെ പെരുമാറ്റം” – ഫാ. ക്രിസ്റ്റിൻ പറഞ്ഞു.
ജീവിതത്തെ അഗാധമായി സ്നേഹിച്ച പിയറാഞ്ചലോ ഓരോ നിമിഷത്തെ ജീവിതവും ആസ്വദിച്ചു. ഓരോ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തിയിരുന്നു. കൂടുതൽ കാലം ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടിവന്നപ്പോൾ, മുഴുവൻ സമയവും പ്രാർഥനയ്ക്കും വായനയ്ക്കുമായി മാറ്റിവച്ചു. ഒരു ഫ്രാൻസിസ്കൻ ചൈതന്യത്തോടെ ചുറ്റിലുമുള്ള എല്ലാറ്റിലും അദ്ദേഹം ദൈവമഹത്വം ദർശിച്ചിരുന്നു.
തീവ്രമായ ആന്തരീകാന്വേഷണം, തന്റെയുള്ളിൽ ദൈവസാന്നിധ്യം ആഴത്തിൽ അനുഭവിച്ചറിയാൻ പിയറാഞ്ചലോയെ പ്രാപ്തനാക്കി. ആ ദൈവികസാന്നിധ്യം അവന്റെ ചിന്താഗതികളെ മാറ്റി അവനെ പുതിയ മനുഷ്യനായി രൂപപ്പെടുത്തുകയായിരുന്നു. അവന്റെ പ്രാർഥന ഹൃദയത്തിന്റെ പ്രാർഥനയായിരുന്നു. തന്റെ ഉള്ളിലുള്ള ഈശോയോട് കൂട്ടുകൂടിയാണ് അവൻ ജീവിച്ചത്. പ്രാർഥനയോടൊപ്പം പ്രവർത്തിയിലും അവൻ ഈശോയെ അനുകരിച്ചു. തന്റെ രോഗാവസ്ഥ ചുറ്റുമുള്ളവർക്ക് ഒരു ഭാരമാകാതിരിക്കാൻ പിയറാഞ്ചലോ വളരെയധികം ശ്രദ്ധിച്ചിരുന്നു.
“രോഗം തിരിച്ചറിഞ്ഞ നിമിഷം മുതൽ ദൈവത്തിന്റെ സമ്മാനമായി അതിനെ കാണാൻ എനിക്കു കഴിഞ്ഞു. എനിക്കിത് മനസ്സിലാകുന്നില്ല. പക്ഷേ, ഞാനത് വിശ്വസിക്കുന്നു” – പിയറാഞ്ചലോ ഇടയ്ക്കിടെ പറഞ്ഞിരുന്നു.