
കാക്കനാട്: ലഹരിയുടെ അപായമുനമ്പിലായ കേരളത്തെ ലഹരിമുക്തമാക്കി രക്ഷിച്ചെടുക്കാൻ ഏവരും ഒറ്റക്കെട്ടായി പോരാടണമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു. ലഹരിക്കെതിരെ കേന്ദ്രസർക്കാർ പദ്ധതിയായ ‘നശാ മുക്ത് ഭാരത് അഭിയാൻ’ പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയിൽ ഒടുങ്ങേണ്ടവരല്ല നാം. നമ്മുടെ ഉണർവിനെ കൊടുത്തിക്കളയുന്ന എല്ലാ ലഹരികളോടും നാം ‘നോ’ പറയണം. ലഹരിയുടെ കൂട്ടിൽ അകപ്പെട്ടവരെ തിരികെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരണം. ലഹരിയുടെ അടിമത്തം സമൂഹത്തിന്റെ സമ്പൂർണ്ണനാശത്തിലേക്കാണ് വഴിതെളിക്കുന്നത്. തുടർന്ന്, ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി അണിചേരണമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന പ്രോഗ്രാമിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ സിനോ സേവി, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ഫ്രാൻസിസ് മൂത്തേടൻ, ഡോ കെ ആർ അനീഷ്, ഡോ ജാക്സൺ തോട്ടുങ്ങൽ, അഡ്വ ചാർളി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രോഗ്രാമിന്റെ ഭാഗമായി മാസ്റ്റർ ട്രെയ്നർമാർക്കായുള്ള ദ്വിദിന പരിശീലനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് ആരംഭിച്ചു. വിവിധ വിഷയങ്ങളിൽ മാസ്റ്റർ ട്രെയ്നർമാരായ ഫ്രാൻസിസ് മൂത്തേടൻ, ഡോ കെ ആർ അനീഷ്, ഡോ ജാക്സൺ തോട്ടുങ്ങൾ, അഡ്വ ചാർളി പോൾ, ഡോ ദയാ പാസ്ക്കൽ, ബാബു പി ജോൺ, എ സി സുരേഷ് എന്നിവർ ക്ലാസുകൾ നയിക്കും. 22 ന് വൈകിട്ട് അഞ്ചുമണിക്ക് പരിശീലപരിപാടി സമാപിക്കും.
സിനോ സേവി, ജില്ലാ സാമൂഹ്യനീതി ഓഫീസർ, എറണാകുളം ജില്ല