ഉത്കണ്ഠയെ നേരിടാൻ നമ്മെ സഹായിക്കുന്ന വിശുദ്ധർ

സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒരു വികാരമാണ് ഉത്കണ്ഠ. വൈകാരികമായ ഈ അനുഭവം നമ്മിൽ അനുഭവപ്പെടുന്നത് പലവിധത്തിലാണെന്നുമാത്രം. അവ്യക്തമായ കാരണങ്ങളാൽ നമ്മിലനുഭവപ്പെടുന്ന ഒരുതരം അസ്വസ്തതയാണ് ഉത്കണ്ഠ. ആകുലതകൾ പലവിധത്തിൽ നമ്മെ അലട്ടുന്നുണ്ടെങ്കിലും അമിതമായ ഉത്കണ്ഠ അനുഭവപ്പെടുമ്പോൾ അത് പ്രശ്നമായി മാറും. ഇത്തരം സാഹചര്യത്തിൽ ഉത്കണ്ഠകളെ തരണം ചെയ്യാനും പ്രത്യാശയോടെ അതിനെ മറികടക്കാനും കഴിയുമെന്നു നമ്മെ കാട്ടിത്തരുന്ന നാല് വിശുദ്ധരെ പരിചയപ്പെടാം.

1. വി. ഡിംഫ്‌ന

അയർലൻഡിലെ രാജാവിന്റെ പുത്രിയായി എ. ഡി. 620-നോടടുത്ത് ഡിംഫ്‌ന ജനിച്ചു. അതിസുന്ദരിയായ ഡിംഫ്‌നയ്ക്ക് ആഡംബരങ്ങളോടു കൂടിയ ജീവിതസൗകര്യങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, ക്രിസ്‌തുവിനെ അറിഞ്ഞതുമുതൽ ക്രൈസ്തവാനുകൂലമായ ഒരു ജീവിതമായിരുന്നു അവൾ നയിച്ചിരുന്നത്. ഒടുവിൽ ഡിംഫ്‌ന രഹസ്യമായി ജ്ഞാനസ്‌നാനം സ്വീകരിച്ച്‌ ഒരു ക്രിസ്‌ത്യാനിയായിത്തീർന്നു.

അക്കാലത്ത് അവളുടെ അമ്മ മരണമടഞ്ഞു. കുറച്ചു നാളുകൾക്കുശേഷം രാജാവ് വീണ്ടും വിവാഹം കഴിക്കാനായി വധുവിനെ അന്വേഷിച്ചു. എന്നാൽ നാടുമുഴുവൻ അന്വേഷണം നടത്തിയിട്ടും തന്റെ ആഗ്രഹത്തിനൊത്ത യുവതികളെയൊന്നും രാജാവിനു വധുവായി ലഭിച്ചില്ല. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു ദുഷ്‌ടവ്യക്തിയുടെ നിർദേശത്താൽ രാജാവിന്റെ മനസിൽ ഒരു ദുഷ്പ്രേരണ ഉരുത്തിരിഞ്ഞുവന്നു. രാജ്ഞിയുടെ ഛായയുള്ള, സുന്ദരിയായ തന്റെ മകളെത്തന്നെ വിവാഹം കഴിക്കുക എന്നതായിരുന്നു ആ പ്രേരണ. അപ്പോൾ 15 വയസുമാത്രമായിരുന്നു ഡിംഫ്‌നയുടെ പ്രായം. ഇതറിഞ്ഞയുടൻ പുരോഹിതനായ വി. ജെർബേണൂസിനൊപ്പം ഡിംഫ്‌ന ബൽജിയത്തേക്കു നാടുവിട്ടു. മകൾ രക്ഷപെട്ടതറിഞ്ഞ് രാജാവ്‌ അന്വേഷണം ആരംഭിച്ചു. ബൽജിയത്തേക്കും അദ്ദേഹം തന്റെ അന്വേഷണം വ്യാപിപ്പിച്ചു.

രാജാവ് ബെൽജിയത്തിലെ അന്വേഷണത്തിനിടയിൽ ഒരു ഗ്രാമത്തിലെ സത്രത്തിൽ എത്തപ്പെട്ടു. തന്റെ മകൾ ആ പ്രദേശത്തുതന്നെയുണ്ടെന്ന് രാജാവ് വിശ്വസിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ രാജാവ് ഡിംഫ്‌നയെ വി. ജെർബേണൂസിനൊപ്പം കണ്ടെത്തി. വൈകാതെതന്നെ ജെർബേണൂസിന്റെ തലവെട്ടി അദ്ദേഹത്തെ കൊന്നുകളഞ്ഞു. മകളോട് കീഴടങ്ങാനും സ്വരാജ്യത്തേക്കു മടങ്ങിവരാനും രാജാവ് ആവശ്യപ്പെട്ടു. എന്നാൽ മടങ്ങിപ്പോകാൻ ഡിംഫ്‌ന തയ്യാറായില്ല. കോപാകുലനായ രാജാവ് ഉടൻ വാളൂരി ഡിംഫ്‌നയെയും വധിച്ചു. അങ്ങനെ ഗീൽ എന്ന സ്ഥലത്തുവച്ച് തന്റെ ശുദ്ധത സംരക്ഷിക്കുന്നതിനായി ഡിംഫ്‌ന രക്തസാക്ഷിത്വം വരിച്ചു. മെയ്‌ 15-നാണ്‌ സഭ വി. ഡിംഫ്‌നയുടെ ഓർമ്മ ആചരിക്കുന്നത്.

ഈ വിശുദ്ധയുടെ ശവകുടീരം സന്ദർശിച്ച മാനസികരോഗികൾ അത്ഭുതകരമായി സുഖം പ്രാപിച്ചതായി പറയപ്പെടുന്നു. വിശുദ്ധയുടെ തിരുശേഷിപ്പുകളുള്ള പള്ളിയിൽ മാധ്യസ്ഥ്യം അഭ്യർഥിക്കുന്ന ആളുകളുടെ അപേക്ഷകൾ സാധിച്ചുകിട്ടി. ലോകത്ത് ഉത്കണ്ഠ അനുഭവിക്കുന്നവർക്കായി ഈ വിശുദ്ധ മാധ്യസ്ഥ്യം വഹിക്കുന്നു.

2. ഉണ്ണീശോയുടെ വി. കൊച്ചുത്രേസ്യ

1873 ജനുവരി രണ്ടിന് ഫ്രാൻസിലെ അലൻകോണിൽ ലൂയിസിനും സെലി മാർട്ടിനും ജനിച്ച ഒമ്പതു മക്കളിൽ അവസാനത്തെ ആളാണ് കൊച്ചുത്രേസ്യ. ഒൻപതു മക്കളിൽ അഞ്ചുപേർ മാത്രമേ പ്രായപൂർത്തിയാകുന്നതുവരെ ജീവിച്ചിരുന്നുള്ളൂ.

ചെറുപ്പത്തിൽ വളരെ ശാഠ്യക്കാരിയായിരുന്നു കൊച്ചുത്രേസ്യ. അവൾക്ക് നാലുവയസുള്ളപ്പോൾ അവളുടെ അമ്മ മരിച്ചു. പിന്നീട് അവളുടെ പിതാവും സഹോദരിമാരും ചേർന്നാണ് തെരേസിനെ വളർത്തിയത്. 1886-ലെ ഒരു ക്രിസ്തുമസ് രാവിൽ, കൊച്ചുത്രേസ്യയുടെ 14-ാം വയസിൽ, അവളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു പരിവർത്തനം നടന്നു. അന്നുമുതൽ അവൾ ശാന്തയായി മാറി. 15 വയസുള്ളപ്പോൾ, അവൾ തന്റെ ജീവിതം മുഴുവൻ ദൈവത്തിനു സമർപ്പിക്കുന്നതിനായി ലിസ്യുവിലെ കർമ്മലീത്ത മഠത്തിൽ പ്രവേശിച്ചു.

പ്രാർഥനയിലൂടെയും ലളിതമായ ജീവിതത്തിലൂടെയും അവൾക്ക് ദൈവവുമായി കൂടുതൽ അടുക്കാൻ സാധിച്ചു. സംശയത്തിന്റെയും ഭയത്തിന്റെയും ഇരുണ്ടരാത്രികളിലൂടെ കടന്നുപോകേണ്ടിവന്നെങ്കിലും അവൾ ദൈവത്തോട് വിശ്വസ്തയായി തുടർന്നു. ക്ഷയരോഗവുമായി നീണ്ടനാളത്തെ പോരാട്ടത്തിനൊടുവിൽ, 1897 സെപ്റ്റംബർ 30-ന്, തന്റെ ഇരുപത്തിനാലാം വയസിൽ അവൾ ദൈവസന്നിധിയിലേക്കു യാത്രയായി. അവളുടെ അവസാന വാക്കുകൾ ഇപ്രകാരമായിരുന്നു: “എന്റെ ദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.”

ദൈവത്തിൽ ആശ്രയിക്കാനും വിശുദ്ധിയിലെത്താനും നമ്മെ സഹായിക്കുന്ന വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ.

3. വി. മരിയ ഫൗസ്റ്റീന കൊവാൾസ്ക

റോമൻ കത്തോലിക്കാ സഭയിലെ ഒരു മിസ്റ്റിക്കും ദാർശനികയും കന്യാസ്ത്രീയും ആയിരുന്നു വി. മരിയ ഫൗസ്റ്റീന കൊവാൾസ്ക. സ്വർഗീയകാരുണ്യത്തിന്റെ അപ്പസ്തോല എന്നും വി. ഫൗസ്റ്റീന അറിയപ്പെടുന്നു.

1905 ആഗസ്റ്റ് 25-ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്തായിരുന്നു അവളുടെ ജനനം. 1938 ഒക്ടോബർ അഞ്ചിന് അന്തരിച്ചു. 1993 ഏപ്രിൽ 18-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ വി. ഫൗസ്റ്റീനയെ വാഴ്ത്തപ്പെട്ടവളായും, 2000 ഏപ്രിൽ 30-ന് വിശുദ്ധയായും പ്രഖ്യാപിച്ചു.

ജീവിതകാലത്തിലുടനീളം ഈശോയുടെ ദർശനങ്ങൾ ലഭിച്ചിരുന്നുവെന്ന് കത്തോലിക്കർ വിശ്വസിക്കുന്ന ഈ വിശുദ്ധ, ഈശോയുമായുള്ള സംഭാഷണങ്ങൾ ഡയറിയിൽ കുറിച്ചുവച്ചിരുന്നത് പിൽക്കാലത്ത് ‘ഡയറി: ഡിവൈൻ മേഴ്സി ഇൻ മൈ സോൾ’ എന്നപേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. ദൈവത്തിന്റെ കരുണയ്ക്കായി പ്രാർഥിക്കുക, ക്രിസ്തുവിന്റെ അനന്തമായ കരുണയിൽ വിശ്വസിക്കുക, മറ്റുള്ളവരിലേക്ക് ദൈവകാരുണ്യം ഒഴുകുന്നതിനുള്ള ചാലകമായി പ്രവർത്തിക്കാനുതകുംവിധം എല്ലാവരോടും കാരുണ്യത്തോടെ ഇടപെഴകുക എന്നീ മൂന്നുകാര്യങ്ങളാണ് വിശുദ്ധ പ്രചരിപ്പിച്ച ദൈവകാരുണ്യഭക്തിയുടെ അടിസ്ഥാനം.

നമ്മുടെ നിയന്ത്രണത്തിനുപുറത്തുള്ള കാര്യങ്ങളെക്കുറിച്ച് നാം ഒരിക്കലും വിഷമിക്കരുതെന്ന് ഈ വിശുദ്ധ നമ്മെ പഠിപ്പിക്കുന്നു. ഉത്കണ്ഠകളെ തരണം ചെയ്യാനും പ്രത്യാശയോടെ മറികടക്കാനും ഈ വിശുദ്ധയോട് മാധ്യസ്ഥ്യം യാചിക്കാം.

4. കുരിശിന്റെ വി. ജോൺ

1654-ലെ മാതാവിന്റെ സ്വർഗാരോഹണത്തിരുനാൾദിവസം നേപ്പിൾസിലെ ഇസിക്കിയ ദ്വീപിലായിരുന്നു കുരിശിന്റെ വി. ജോൺ ജനിച്ചത്. തന്റെ ചെറുപ്പകാലം മുതൽത്തന്നെ നന്മ ചെയ്യുന്നതിൽ മാതൃകയായിരുന്നു വിശുദ്ധൻ. 16 വയസായപ്പോൾ അദ്ദേഹം ഫ്രാൻസിസ്കൻ സഭയിൽ അംഗമായി. മേലധികാരികളുടെ സഹായത്തോടെ അദ്ദേഹം മറ്റൊരു സന്യാസിനീമഠം സ്ഥാപിക്കുകയും അതിനുവേണ്ട ആശ്രമനിയമങ്ങൾ നിർമ്മിക്കുകയും ചെയ്തു. ക്രമേണ, ജോൺ അവിടത്തെ സന്യാസികളുടെ മാതൃകാപുരുഷനായി മാറി. കുറച്ചുകാലങ്ങൾക്കുശേഷം, ക്ലെമന്റ് ഒമ്പതാമനാൽ പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ നേപ്പിൾസ് പ്രൊവിൻസിലെ പ്രൊവിൻഷ്യാളായി വിശുദ്ധൻ നിയമിതനായി.

സുവിശേഷദൗത്യങ്ങൾക്കുവേണ്ടി വിശുദ്ധന് നിരവധി കഷ്ടതകൾ സഹിക്കേണ്ടതായിവന്നു. പ്രത്യേകിച്ച്, പലരുടേയും തെറ്റിധാരണകൾവഴിയായി ഒരുപാട് മാനസികവിഷമം അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. എന്നിരുന്നാലും താൻ ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കുന്നതിൽനിന്നും വിശുദ്ധനെ തടയാൻ ഇത്തരം കഷ്ടതകൾക്കൊന്നും കഴിഞ്ഞില്ല.

ആശ്രമത്തിലെ ശിഷ്യന്മാർക്കുമുന്നിൽ എളിമ, മതപരമായ അച്ചടക്കം തുടങ്ങി ഏറ്റവും ഉന്നതമായ നന്മകളുടെ ഒരു മാതൃകയായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രതിഫലമായി നിരവധി വരദാനങ്ങൾക്കൊണ്ട് ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. പ്രവചനവരവും അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള കഴിവും വിശുദ്ധനുണ്ടായിരുന്നു.

80 വയസു പ്രായമുള്ളപ്പോൾ 1734 മാർച്ച് അഞ്ചിന് നേപ്പിൾസിലെ മഠത്തിൽവച്ച് സന്നിപാതം പിടിപ്പെട്ട് അദ്ദേഹം കർത്താവിൽ നിദ്രപ്രാപിച്ചു. വിശുദ്ധന്റെ മരണശേഷം നടന്നിട്ടുള്ള നിരവധി അത്ഭുതങ്ങൾ അദ്ദേഹത്തിന്റെ ദിവ്യത്വത്തെയും മഹത്വത്തെയും സ്ഥിരീകരിക്കുന്നു. 1839-ൽ ഗ്രിഗറി പതിനാറാമൻ മാർപാപ്പ ജോൺ ജോസഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകൾ നിമിത്തം ഉത്കണ്ഠയോ, നിരാശയോ നേരിടുകയാണെങ്കിൽ കുരിശിന്റെ വി. ജോൺ നമ്മെ സഹായിക്കും. നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുകയും ദൈവവുമായുള്ള നമ്മുടെ ബന്ധം ആഴപ്പെടുത്തുകയും ചെയ്യുന്ന നമ്മുടെ ആത്മീയജീവിതത്തിന്റെ ഭാഗമാണ് കഷ്ടപ്പാടുകളെന്നു മനസിലാക്കാൻ ഈ വിശുദ്ധന്റെ ജീവിതം നമ്മെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.