കുരിശുംമൂട്: ദക്ഷിണേന്ത്യയിലെ പ്രമുഖ മാധ്യമ പഠനകേന്ദ്രമായ ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജിൽനിന്നും പുറത്തിറങ്ങുന്ന എസ്. ജെ. സി. സി. ഇന്റർനാഷണൽ ജേർണൽ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് റിസർച്ച് എന്ന ജേർണൽ, സൂക്ഷമദർശിനി എന്ന സിനിമയുടെ സംവിധായകനായ എം. സി. ജിതിൻ അതേ സിനിമയുടെ തിരക്കഥാകൃത്തായ ലിബിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രകാശനം നിർവഹിച്ച ജിതിൻ, ലിബിൻ എന്നിവർ ഈ കോളേജിലെ മുൻ വിദ്യാർഥികളാണ് എന്നത് ശ്രദ്ധേയമായി.
കോളേജിന്റെതന്നെ ഭാഗമായ എം. വി. തീയേറ്ററിൽവച്ചു നടന്ന ചടങ്ങിൽ കോളേജ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പിൽ, പ്രിൻസിപ്പൽ ഡോ. ജോസഫ് പാറയ്ക്കൽ, എഡിറ്റർ ഡോ. ജിന്റോ മുരിയങ്കരി, ഡോ. ലിങ്കൺ കെ. ജോർജ്, ഡോ. മുത്തു യു. റ്റി. എന്നിവർ സന്നിഹിതരായിരുന്നു.
2004 ൽ പ്രവർത്തനമാരംഭിച്ച സെന്റ് ജോസഫ് കോളേജ്, മാധ്യമ പഠനരംഗത്തിനു നൽകുന്ന വലിയ സംഭാവനയാണ് ഈ ജേർണൽ. മാധ്യമമേഖലയിൽ ദേശീയ- അന്തർദേശീയതലത്തിൽ പ്രമുഖരായവരുടെ ലേഖനങ്ങളും പഠനങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. ഐ. എസ്. എസ്. എൻ. അംഗീകാരമുള്ള ഈ ജേർണൽ വർഷത്തിൽ രണ്ടുതവണയാണ് പുറത്തിറങ്ങുക.
സെന്റ് ജോസഫ് കോളേജിന്റെ മറ്റു സംരംഭങ്ങളായ 90.8 റേഡിയോ മീഡിയ വില്ലേജ്, 235 സീറ്റുകളുള്ള സിനിമാ തീയേറ്റർ, എം. വി. ടിവി, മീഡിയ വില്ലേജ് സ്റ്റുഡിയോസ്, മീഡിയ വില്ലേജ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, മീഡിയാസിസ് എന്നിവയ്‌ക്കൊപ്പം മാധ്യമ പഠനരംഗത്ത് ശ്രദ്ധേയമാകാനുള്ള ഒരുക്കത്തിലാണ് എസ്. ജെ. സി. സി. ഇന്റർനാഷണൽ ജേർണൽ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് റിസർച്ച് ജേർണൽ.