റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഉക്രൈനിൽ ഗ്രീക്ക് കത്തോലിക്കാ വൈദികന് പരിക്കേറ്റു

തെക്കൻ ഉക്രൈനിലെ കെർസണിൽ ആരാധനക്രമം ആഘോഷിക്കാൻ പോയ ഗ്രീക്ക് കത്തോലിക്കാ വൈദികനായ ഫാ. ഇഹോർ മക്കറിന് റഷ്യൻ ആക്രമണത്തിൽ പരിക്കേറ്റു. വൈദികാർഥികൾക്കൊപ്പം അദ്ദേഹം സഞ്ചരിച്ച കാറിൽ ഡ്രോൺ ഇടിച്ചാണ് അപകടമുണ്ടായത്.

വത്തിക്കാൻ ന്യൂസ് പറയുന്നതനുസരിച്ച്, ഫാ. ഇഹോർ കെർസണിലെ കാരിത്താസിന്റെ ഡയറക്ടർ കൂടിയാണ്. അപകടമുണ്ടായ സമയത്ത് ഡ്രോഹോബിച്ച് സെമിനാരിയിലെ വൈദികാർഥികളും ഒപ്പമുണ്ടായിരുന്നു. ഡ്രോൺ മൂലമുണ്ടായ സ്ഫോടനത്തിൽ കാറിന്റെ ചില്ലുകളും വാതിലുകളും ചക്രങ്ങളും തകർന്നു. ഫാ. ഇഹോറിന്റെ കാലിൽ കുടുങ്ങിയ ചില്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തേണ്ടിവരും. എന്നാൽ, സെമിനാരിക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.

ഫാ. ഇഹോർ 2005 മുതൽ കെർസണിൽ ജോലി ചെയ്യുന്നു. എന്നാൽ റഷ്യൻ അധിനിവേശത്തെ തുടർന്ന് അദ്ദേഹത്തിന് ടെർനോപിലിലേക്ക് പോകേണ്ടിവന്നു. അവിടെനിന്ന് മരുന്നുകളും ഭക്ഷണവും അയച്ച് അദ്ദേഹം ഉക്രൈനിലെ സമൂഹത്തെ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു. 2022 നവംബറിൽ, നഗരം ഉക്രേനിയൻ നിയന്ത്രണത്തിലേക്കു മടങ്ങി. അതിനുശേഷം ഫാ. ഇഹോർ രണ്ട് ഇടവകകളിൽ സേവനം തുടരുകയും ജനങ്ങളെ സഹായിക്കുകയും ചെയ്തുവരികയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.