സിനഡാലിറ്റി, ദൈവശാസ്ത്രം, അച്ചടക്കനടപടികൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട തുടർചർച്ചകൾക്കായി ജർമ്മൻ മെത്രാൻസമിതിയുടെ പ്രതിനിധികൾ വത്തിക്കാനിലെത്തി. 2022 നവംബറിൽ വത്തിക്കാനിൽ വച്ചു നടന്ന ‘അദ് ലിമിന’ സന്ദർശനത്തിലെ ചർച്ചകളുടെ തുടർച്ചയ്ക്കായിട്ടാണ് ജർമ്മൻ മെത്രാൻ സമിതിയുടെ പ്രതിനിധികൾ വത്തിക്കാനിലെത്തിയത്. പരിശുദ്ധ സിംഹാസനവും ജർമ്മൻ മെത്രാൻസമിതിയും സംയുക്തമായി ജൂലൈ 26 ബുധനാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
സിനഡൽ പാതയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഭാഗമായി ഉയർന്നുവന്ന ദൈവശാസ്ത്രവും അച്ചടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള തുടർചർച്ചകളാണ് കഴിഞ്ഞ ദിവസം വത്തിക്കാനിൽ വച്ചുനടന്നത്. കൂടിക്കാഴ്ച ക്രിയാത്മകമായ ഒരു അന്തരീക്ഷത്തിലാണ് നടന്നതെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ചർച്ചകൾക്കുശേഷം വീണ്ടും സഭാസംബന്ധിയായ വിഷയങ്ങളിൽ ചർച്ചകൾ തുടരുമെന്നും ഇവർ വ്യക്തമാക്കി.
ജൂലൈ 26 ബുധനാഴ്ചയാണ് പരിശുദ്ധ സിംഹാസനവും ജർമ്മൻ മെത്രാൻസമിതിയും തമ്മിലുള്ള ചർച്ചകൾ സംബന്ധിച്ച് പൊതുവായ പത്രക്കുറിപ്പ് പരിശുദ്ധ സിംഹാസനം പുറത്തുവിട്ടത്.