‘ഏറ്റവും വലിയ ദുരിതത്തിന്റെ നിമിഷങ്ങളിൽ സുവിശേഷത്തിൽ ആശ്രയിക്കുക’: ഫ്രാൻസിസ് പാപ്പ

രക്ഷയുടെയും നിത്യതയുടെയും വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്ന സുവിശേഷത്തിൽ വിശ്വസിക്കാനും മരണത്തിന്റെ വേദനയിൽ ജീവിക്കുന്നത് അവസാനിപ്പിക്കാനും വിശ്വാസികളെ പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. നവംബർ 17 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ, 2024 ലെ ദരിദ്രരുടെ ലോക ദിനാചരണത്തിനുശേഷം നടന്ന മരിയൻ പ്രാർഥനയ്ക്ക് നേതൃത്വം നൽകിക്കൊണ്ട് അന്നത്തെ സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞത്.

“ചില പ്രതിസന്ധികളിലൂടെ നാം കടന്നുപോകുമ്പോൾ അല്ലെങ്കിൽ നമുക്കു ചുറ്റും യുദ്ധങ്ങൾ, അക്രമം, പ്രകൃതിദുരന്തങ്ങൾ എന്നിവ മൂലമുണ്ടാകുന്ന വേദനകൾ കാണുമ്പോൾ എല്ലാം അവസാനിച്ചു എന്ന തോന്നൽ നമുക്കുണ്ടാകും; ഒപ്പം ഏറ്റവും മനോഹരമായ കാര്യങ്ങൾപോലും ഇല്ലാതാകുന്നതുപോലെയും നമുക്ക് തോന്നിയേക്കാം. പ്രതിസന്ധികളും പരാജയങ്ങളുമൊക്കെ വേദനാജനകമാണെങ്കിലും അവ പ്രധാനമാണ്. കാരണം, എല്ലാത്തിനും അതിന്റെ ന്യായമായ ഭാരം നൽകാനും ഈ ലോകത്തിന്റെ യാഥാർഥ്യങ്ങളുമായി നമ്മുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കാതിരിക്കാനും അവ നമ്മെ പഠിപ്പിക്കുന്നു. കാരണം, അവ കടന്നുപോകും. അവ കടന്നുപോകാൻ വിധിക്കപ്പെട്ടവയാണ്” – പരിശുദ്ധ പിതാവ് പറഞ്ഞു.

“എല്ലാം കടന്നുപോകുന്നു. പക്ഷേ, ക്രിസ്തുവിന്റെ വാക്കുകൾ കടന്നുപോകുകയില്ല. യേശുവിന്റെ വാക്കുകൾ എന്നേയ്ക്കും നിലനിൽക്കുന്നു. നമ്മുടെ ഭൗമിക അസ്‌തിത്വത്തിൽ, കടന്നുപോയതും നമ്മോടൊപ്പമുള്ളതുമായ വസ്‌തുക്കളെയും ആളുകളെയും ഒരു ദിവസം നാം വീണ്ടും കണ്ടെത്തും” – ഫ്രാൻസിസ് പാപ്പ ഉറപ്പുനൽകി.

അതോടൊപ്പം, സമാധാനത്തിനായി പ്രാർഥിക്കുന്നത് തുടരാനും പാപ്പ വിശ്വാസികളെ പ്രേരിപ്പിച്ചു. “ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാന്മർ, സുഡാൻ എന്നിവിടങ്ങളിൽ ജനങ്ങൾ കഷ്ടപ്പെടുന്നു. യുദ്ധം ആളുകളെ മനുഷ്യത്വമില്ലാത്തവരാക്കി മാറ്റുകയും അസ്വീകാര്യമായ കുറ്റകൃത്യങ്ങൾ സഹിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളുടെ നിലവിളി ഭരണാധികാരികൾ കേൾക്കട്ടെ എന്ന് പ്രാർഥിച്ചുകൊണ്ടാണ് പാപ്പ തന്റെ പ്രസംഗം ഉപസംഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.