പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ അനുസ്മരിച്ചുകൊണ്ട് ‘ചുവന്ന ബുധൻ’ ആചരിച്ചു

ക്രിസ്തീയവിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്നവരുടെ സ്മരണ പുതുക്കി ലോകം ‘ചുവന്ന ബുധൻ’ ആചരിച്ചു. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള കത്തോലിക്കാ ദൈവാലയങ്ങൾ നവംബർ 21 ബുധനാഴ്ച, ചുവന്ന നിറത്തിൽ പ്രകാശിപ്പിച്ചു.

എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് ഇന്റർനാഷണൽ (എ. സി. എൻ.)  എന്ന ക്രിസ്ത്യൻ എയ്ഡ് ഗ്രൂപ്പ് സംഘടിപ്പിച്ച ‘റെഡ് വീക്ക്’ 2016 മുതൽ എല്ലാ നവംബറിലും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ബഹുമാനാർഥം നടക്കുന്നു. രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന നിറം ചുവപ്പായതിനാൽ രക്തസാക്ഷികളുടെ ഓർമ പുതുക്കുന്ന അവസരത്തിൽ കെട്ടിടങ്ങൾ ചുവപ്പുനിറത്തിൽ പ്രകാശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇറാഖിലെ പുരാതന ക്രിസ്ത്യൻസമൂഹത്തെ 2014 ൽ ഇസ്‌ലാമിക് സ്റ്റേറ്റ് നശിപ്പിച്ചതിന്റെ ഫലമായാണ് കത്തീഡ്രലുകൾ, പള്ളികൾ, പൊതുകെട്ടിടങ്ങൾ എന്നിവ ചുവപ്പുനിറത്തിൽ പ്രകാശിപ്പിച്ച് ഈ സുപ്രധാനവിഷയത്തിലേക്ക് ശ്രദ്ധയാകർഷിക്കാൻ തീരുമാനിച്ചത്. ആഗോളതലത്തിൽ ഏഴ് ക്രിസ്ത്യാനികളിൽ ഒരാൾ പീഡനം നേരിടുന്നുണ്ടെന്ന് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്, ഔട്ട്റീച്ച് ഡയറക്ടർ എഡ് ക്ലാൻസി അഭിപ്രായപ്പെട്ടു. പാക്കിസ്ഥാൻ, നൈജീരിയ, ആഫ്രിക്കയിലെ സഹേൽ മേഖല, ഈജിപ്ത്, ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളിൽ ക്രൈസ്തവപീഡനം രൂക്ഷവും വർധിച്ചുവരുന്നതുമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ചുവന്ന ബുധനാഴ്ച പോലുള്ള പ്രാർഥനയിലൂടെയും ബോധവൽക്കരണ ശ്രമങ്ങളിലൂടെയും പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കാൻ അദ്ദേഹം വിശ്വാസികളോട് അഭ്യർഥിച്ചു. ഈ വർഷം ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ബെൽജിയം, ജർമനി, ഇറ്റലി, സ്ലൊവാക്യ, ഓസ്ട്രിയ, അയർലൻഡ്, മാൾട്ട, ഫിലിപ്പീൻസ്, മെക്സിക്കോ, ചിലി, കൊളംബിയ എന്നിവയുൾപ്പെടെ 20 രാജ്യങ്ങളിലായി മുന്നൂറിലധികം ഇടങ്ങളിൽ ‘ചുവപ്പ് ബുധനാഴ്ച’ പരിപാടികൾ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.