മനുഷ്യന്റെ മാന്യത സംരക്ഷിക്കുക, മനുഷ്യക്കടത്ത് ഇല്ലാതാക്കുക: മാർപാപ്പ

മനുഷ്യന്റെ മാന്യത സംരക്ഷിക്കണമെന്നും മനുഷ്യക്കടത്ത് ഇല്ലാതാക്കണമെന്നും  ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യക്കടത്തിനെതിരെയുള്ള പതിനൊന്നാമത് അന്താരാഷ്ട്ര പ്രാർഥന – അവബോധ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി ഏഴിനു നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

ദശലക്ഷക്കണക്കിനാളുകളെ ഇരകളാക്കുന്ന മനുഷ്യക്കടത്ത് നിർബാധം തുടരുകയാണെന്നും അതിനു നേരെ നിസ്സംഗത പാലിക്കാൻ നമുക്ക് കഴിയില്ലെന്നും ഏറ്റവും ദുർബലരായ ആളുകളെ കരുവാക്കി ലാഭം കൊയ്യുന്ന ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന്, ഒറ്റക്കെട്ടായി പോരാടാൻ എല്ലാവർക്കുമുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും മാർപാപ്പ സന്ദേശത്തിൽ വ്യക്തമാക്കി. പ്രത്യാശയുടെ ഈ ജൂബിലി വർഷത്തിൽ, ആധുനിക അടിമത്തത്തിൽ കുടുങ്ങിക്കിടക്കുന്ന ദശലക്ഷക്കണക്കിന് ആളുകളിൽ ഈ പ്രത്യാശ എങ്ങനെ പരിപോഷിപ്പിക്കാമെന്ന് നാം സ്വയം ചോദിക്കണമെന്നും മാർപാപ്പ ഓർമ്മപ്പെടുത്തി.

ഇരകളുടെയും അതിജീവിതരുടെയും പക്ഷത്ത് നിൽക്കാൻ ആർക്കും സാധിക്കുമെന്ന് തെളിയിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി യുവാക്കളുടെ പ്രവർത്തനത്തെ മാർപാപ്പ തന്റെ സന്ദേശത്തിൽ പ്രശംസിച്ചിരുന്നു. കുട്ടിക്കാലത്ത് മനുഷ്യക്കടത്തിനിരയാകുകയും പിന്നീട് സന്യാസിനിയായി മാറുകയും ചെയ്ത വിശുദ്ധ ജോസഫൈൻ ബക്കീത്തയുടെ തിരുന്നാൾ ദിനമായ ഫെബ്രുവരി എട്ടിനാണ് മനുഷ്യക്കടത്തിനെതിരായ പ്രാർഥനാദിനമായി ആചരിക്കുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.