സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകണം: പുതിയ ശ്രീലങ്കൻ പ്രസിഡന്റിനോട് കർദിനാൾ മാൽക്കം രഞ്ജിത്ത്

സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകണമെന്ന് കൊളംബോയിലെ കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് ശ്രീലങ്കയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് അനുര കുമാര ദിസനായകെയോട് അഭ്യർഥിച്ചു സെപ്തംബർ 23-ന് കൊളംബോയിലെ ആർച്ച് ബിഷപ്പ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ, കർദ്ദിനാൾ രഞ്ജിത്ത്, പ്രസിഡൻറ് ദിസനായകെയുടെ തിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിക്കുകയും, പ്രത്യേകിച്ച് രാജ്യത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ മുൻപിലുള്ള സുപ്രധാന ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.

സെപ്റ്റംബർ 23 ന് അധികാരമേറ്റ പ്രസിഡൻറ് ദിസനായകെ അഴിമതിക്കെതിരെ പോരാടുമെന്നും രാജ്യത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിന് പിന്തുണ നൽകുമെന്നും പ്രതിജ്ഞയെടുത്തു. മാറ്റത്തിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയിൽ ആകർഷിക്കപ്പെട്ട ദശലക്ഷക്കണക്കിന് ശ്രീലങ്കക്കാർ അദ്ദേഹത്തിന് വോട്ട് ചെയ്തു. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, വരാനിരിക്കുന്ന വെല്ലുവിളി നിറഞ്ഞ സമയത്തെ അംഗീകരിച്ചുകൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും പ്രോത്സാഹിപ്പിക്കുമെന്നും ദിസനായകെ പ്രതിജ്ഞയെടുത്തു. “നമ്മുടെ രാഷ്ട്രീയം വൃത്തിയുള്ളതായിരിക്കണം, ജനങ്ങൾ മറ്റൊരു രാഷ്ട്രീയ സംസ്കാരം ആഗ്രഹിക്കുന്നു. ആ മാറ്റത്തിന് ഞാൻ പ്രതിജ്ഞാബദ്ധനാണ്”. അദ്ദേഹം പറഞ്ഞു.

ഈസ്റ്റർ ദിന ആക്രമണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും നീതി ഉറപ്പാക്കുമെന്നും പ്രസിഡൻറ് ദിസനായകെയുടെ വാഗ്ദാനവും കർദ്ദിനാൾ രഞ്ജിത്ത് എടുത്തുപറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.