“പെട്ടെന്ന് ഭയാനകമായ ഒരു ശബ്ദം കേട്ടു! വാഹനത്തിന്റെ ടയറുകൾ പൊട്ടിയെന്നു കരുതി പരിശോധിക്കാനായി വാഹനം നിർത്തി പുറത്തിറങ്ങിയതായിരുന്നു. അപ്പോൾ തുടരെത്തുടരെയുള്ള വെടിയൊച്ചകൾ.” മെക്സിക്കോയിലെ ആക്രമണത്തെ അതിജീവിച്ച പുരോഹിതന്റെ വാക്കുകളാണിത്. ഓരോ നിമിഷവും ദൈവപരിപാലനയുടെ കരം ദർശിച്ച അദ്ദേഹത്തിന്റെ അനുഭവങ്ങളെ കൂടുതൽ അറിയാം.
മെക്സിക്കൻ സംസ്ഥാനമായ ചിഹുവാഹുവയിൽ വച്ചാണ് ഫാ. ലോറൻസോ മദീനയുടെ കരങ്ങളിൽ മുറിവേറ്റത്. ഗ്വാഡലുപെ വൈ കാൽബോ മുനിസിപ്പാലിറ്റിയിലെ തന്റെ സമൂഹത്തിലേക്ക് അഞ്ചു പേരോടൊപ്പം യാത്രചെയ്യുമ്പോഴാണ് ആക്രമണം നേരിട്ടത്. വാഹനം ഓടിക്കുന്നതിനിടയിൽ ഭയാനകമായ ശബ്ദം കേട്ടാണ് വാഹനം നിർത്തുന്നത്. വാഹനത്തിന്റെ ടയറുകളിൽ ഒന്ന് പൊട്ടിയതാകാം എന്ന അനുമാനത്തോടെ പരിശോധിക്കുവാൻ പുറത്തിറങ്ങിയപ്പോഴാണ് അവർക്കുനേരെ വെടിയുണ്ടകൾ തുടരെ വന്നത്. എന്നാൽ, ആ അഞ്ചുപേരിൽ 69 വയസ്സുള്ള ഒരു സ്ത്രീക്കും 41 കാരനായ വൈദികനും മാത്രമാണ് പരിക്കേറ്റത്. ദൈവത്തിന്റെ പരിപാലനയിൽ അവർ അപകടനില തരണം ചെയ്തു.
ചിഹുവാഹുവയുടെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ് വൈ കാൽവോ മുനിസിപ്പാലിറ്റി സംഘടിത കുറ്റകൃത്യങ്ങളുടെ ഇടമാണ്. ഈ നഗരം സിനലോവ സംസ്ഥാനത്തെ ബദിരഗ്വാറ്റോ മുനിസിപ്പാലിറ്റിയുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ മേഖലയിലെ ഏറ്റവും ശക്തമായ ക്രിമിനൽ ഗ്രൂപ്പുകളിലൊന്നായ സിനലോവ കാർട്ടലിന്റെ നേതാവായ ജോക്വിൻ ‘എൽ ചാപ്പോ’ ഗുസ്മാന്റെ ഉദ്ഭവസ്ഥാനമായി അറിയപ്പെടുന്നത്.
ചിഹുവാഹുവയിലെ സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ പറയുന്നതനുസരിച്ച്, 2021 മുതൽ, അരക്ഷിതത്വവും അക്രമവും കാരണം ഈ മുനിസിപ്പാലിറ്റിയിൽ തദ്ദേശീയ സമൂഹങ്ങളുടെ നിർബന്ധിതകുടിയിറക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അജപാലനപ്രവർത്തനങ്ങൾ നടത്തുന്ന പ്രദേശത്ത് നിയന്ത്രണത്തിനായി നിരന്തരം ഏറ്റുമുട്ടുന്ന രണ്ടു ക്രിമിനൽ ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ടെന്ന് ഫാ. ലോറൻസോ ചൂണ്ടിക്കാട്ടി.
“സാധാരണയായി ഞങ്ങൾ ആ സ്ഥലങ്ങളിൽ ആയിരിക്കുമ്പോൾ അക്രമികൾ ഞങ്ങളെ തടയാറുണ്ട്. കുറച്ച് ചോദ്യങ്ങൾക്കുശേഷം, അവർ സാധാരണയായി പ്രശ്നങ്ങളില്ലാതെ കടന്നുപോകാൻ ഞങ്ങളെ അനുവദിക്കാറുണ്ട്. എങ്കിലും ഇത്തവണ അതൊന്നുമില്ലായിരുന്നു. മറിച്ച്, അവർ ഞങ്ങളെ നേരിട്ട് ആക്രമിക്കുകയായിരുന്നു. അത് ഞങ്ങളെ ഭയപ്പെടുത്താൻ വേണ്ടിയായിരുന്നില്ല. ആക്രമണം ലക്‌ഷ്യം വച്ചുകൊണ്ടുതന്നെയായിരുന്നു.” ഫാ. ലോറൻസോ വിശദ്ധീകരിച്ചു.
“ഞങ്ങളെ ആശുപത്രിയിൽ എത്തിക്കാനും പരിപാലിക്കാനും മറ്റ് ആളുകളെ ഒരുക്കിയത് ദൈവമാണെന്ന്” ഫാ. ലോറൻസോ പങ്കുവയ്ക്കുന്നിടത്ത് ദൈവത്തിന്റെ കരങ്ങളുടെ സാന്നിധ്യവും സംരക്ഷണവും ഓരോ നിമിഷവും അനുഭവിക്കാൻ കഴിഞ്ഞതിന്റെ നിർവൃതി നിറഞ്ഞു നിൽക്കുന്നുണ്ട്.
വിവർത്തനം: സി. നിമിഷറോസ് CSN