മെക്സിക്കോയിൽ വൈദികനെ വെടിവച്ചു കൊലപ്പെടുത്തി. മെക്‌സിക്കൻ രൂപതയായ സാൻ ക്രിസ്റ്റോബൽ ഡി ലാസ് കാസസിൽ നിന്നുള്ള ഫാ. മാർസെലോ പെരെസ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം തന്റെ അജപാലന ചുമതലകൾ തുടരാൻ പോകുമ്പോൾ, അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
‘എൽ ഹെറാൾഡോ ഡി ചിയാപാസ്’ പറയുന്നതനുസരിച്ച്, വിശുദ്ധ കുർബാന അർപ്പിച്ചതിനുശേഷം ഗ്വാഡലൂപ്പ പള്ളിയിലേക്കു പോകുമ്പോൾ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ അദ്ദേഹത്തെ വെടിവയ്ക്കുകയായിരുന്നു. കൊലപാതകത്തെ മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് (സി. ഇ. എം.) അപലപിച്ചു.
“ഈ കൊലപാതകം സമൂഹത്തിന് സമർപ്പിതനായ ഒരു വൈദികനെ നഷ്ടപ്പെടുത്തുക മാത്രമല്ല, സത്യത്തിനും നീതിക്കുംവേണ്ടി അക്ഷീണം പോരാടിയ ഒരു പ്രവാചകശബ്‌ദത്തെ നിശ്ശബ്ദമാക്കുകയുമാണ്. സമൂഹത്തിലെ ഏറ്റവും ദരിദ്രരും ദുർബലരുമായവരെ ചേർത്തുപിടിക്കുന്ന പൗരോഹിത്യപ്രതിബദ്ധതയുടെ ജീവിക്കുന്ന ഉദാഹരണമായിരുന്നു ഫാ. മാർസെലോ പെരെസ്” എന്ന് ബിഷപ്പ് റോഡ്രിഗോ അഗ്വിലാർ മാർട്ടിനെസ് അനുസ്മരിച്ചു.
ഈ കുറ്റകൃത്യത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താനും പുരോഹിതരുടെയും അജപാലകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കാനും അധികാരികളോട് ആവശ്യപ്പെടുന്നുവെന്ന് മെക്‌സിക്കൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് വെളിപ്പെടുത്തി.