നൈജീരിയയിൽ തട്ടിക്കൊണ്ടു പോകൽ തുടർക്കഥയാകുന്നു; മറ്റൊരു വൈദികനെക്കൂടി തട്ടിക്കൊണ്ടുപോയി

വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുന സംസ്ഥാനത്ത് നിന്നും മറ്റൊരു കത്തോലിക്കാ പുരോഹിതനെ കൂടി തട്ടിക്കൊണ്ടുപോയി. കുർമിൻ റിസ്ഗയിലെ സെന്റ് ജെറാൾഡ് ക്വാസി ഇടവകയിലെ വികാരി ഫാ. ഇബ്രാഹിം ആമോസിനെയാണ് തട്ടിക്കൊണ്ടു പോയത്. കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാ. ജേക്കബ് ഷാനറ്റ് ഒരു പ്രസ്താവനയിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 24ന് അർദ്ധരാത്രിക്ക് അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചത്.

“ഫാദർ ആമോസിന്റെ വേഗത്തിലുള്ള മോചനത്തിനായി ഞങ്ങൾ പ്രാർഥന അഭ്യർത്ഥിക്കുന്നു.” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ആണ് സെന്റ് മേരി തച്ചിറ പള്ളിയിലെ ഇടവക വികാരിയായിരുന്ന ഫാദർ സിൽവസ്റ്റർ ഒകെച്ചുക്വുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പിന്നീട് കൊലപാതകികളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു.

മോചനദ്രവ്യത്തിനുവേണ്ടി നൈജീരിയയിൽ ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകലുകൾ പെരുകുന്നത് ഫ്രാൻസിസ് മാർപാപ്പയിലും ആശങ്ക ഉയർത്തിയിരുന്നു. 2024 ഫെബ്രുവരി 25ന് നടന്ന ആഞ്ചലൂസ് പ്രാർത്ഥനയുടെ അവസാനം മാർപാപ്പ ഇതേ കുറിച്ച് പറഞ്ഞിരുന്നു. നൈജീരിയയിൽ വർദ്ധിച്ചുവരുന്ന തട്ടിക്കൊണ്ടുപോകലുകൾ ആശങ്കാജനകമാണെന്നും ഈ സംഭവങ്ങളുടെ വ്യാപനം പരമാവധി തടയാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും, നൈജീരിയൻ ജനതയോടുള്ള തന്റെ സാമീപ്യം ഞാൻ പ്രാർത്ഥനയിൽ പ്രകടിപ്പിക്കുന്നതായും പാപ്പ അന്ന് അറിയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.