നിരവധി ആളുകളുടെ മരണത്തിനും ഗുരുതരമായ നാശനഷ്ടങ്ങൾക്കും കാരണമായ മൂന്ന് പുതിയ ആക്രമണങ്ങൾക്കുശേഷം ബുർക്കിന ഫാസോയിലെ ആക്രമണങ്ങൾ അവസാനിക്കാൻ പ്രാർഥനാസഹായം അഭ്യർഥിച്ച് പുരോഹിതൻ.
“ആക്രമണങ്ങൾ പെരുകുകയാണ്. നിങ്ങളുടെ തീക്ഷ്ണമായ പ്രാർഥനയിൽ ഞങ്ങൾ സ്വയം സമർപ്പിക്കുന്നു. ഇരകൾക്കും ഭയം അനുഭവിക്കുന്നവർക്കുംവേണ്ടി പ്രാർഥിക്കുക” – പേര് വെളിപ്പെടുത്താത്ത വൈദികൻ പൊന്തിഫിക്കൽ സംഘടനയായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിനോടു പറഞ്ഞു.
ഒക്‌ടോബർ ആദ്യം മന്നി പട്ടണത്തിൽ നടന്ന കൂട്ടക്കൊലയ്ക്കുശേഷമാണ് ഈ പുതിയ ആക്രമണങ്ങൾ ഉണ്ടായത്. ഈ ആക്രമണത്തിൽ 150 ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി നാഷ്ടനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. ഭീകരർ എല്ലാം അഗ്നിക്കിരയാക്കിയെങ്കിലും തങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാൻ അവർക്കായിട്ടില്ലെന്ന് മന്നിയിലെ വിശ്വാസി സമൂഹം ഉറപ്പ് നൽകി.
ഒക്‌ടോബർ 20 ന്, സാറ്റെംഗയ്ക്കുസമീപം മൂന്ന് ഡിഫൻസ് ഓഫ് ഹോംലാൻഡ് (വി. ഡി. പി.) വോളണ്ടിയർമാരും ഒരു സാധാരണക്കാരനും സായുധസംഘങ്ങളാൽ കൊല്ലപ്പെട്ടതായി ACN റിപ്പോർട്ട് ചെയ്യുന്നു. ഒറ്റപ്പെട്ട ഗ്രാമീണസമൂഹങ്ങളുടെ പ്രതിരോധത്തിലും സംരക്ഷണത്തിലും അടിസ്ഥാനപരമായ പങ്ക് വഹിക്കുന്ന, സംസ്ഥാന സുരക്ഷാസേനയുമായി സഹകരിക്കുന്ന സാധാരണക്കാരാണ് വി. ഡി. പി.
സമാനമായി പീലയിൽ, ഒരുദിവസം മുമ്പ് നൂറിലധികം ആയുധധാരികൾ പട്ടണത്തിൽ ആക്രമണം നടത്തുകയും രണ്ട് വി. ഡി. പി. മാരും ഒരു കത്തോലിക്കാ സ്ത്രീയും ഉൾപ്പെടെ 13 പേരെ കൊലപ്പെടുത്തുകയും ചെയ്തു. ഗ്രാമത്തിലെ സ്ത്രീകൾ വി. ഡി. പി. ക്കു നൽകിയ സഹായത്തിനുള്ള പ്രതികാരമാണ് ഈ ആക്രമണം.
“നമ്മുടെ രാജ്യത്തിനും അതുപോലെതന്നെ മാലി, നൈജർ തുടങ്ങി ഭീകരാക്രമണങ്ങൾ നേരിടുന്ന എല്ലാ രാജ്യങ്ങൾക്കും ഉക്രൈൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾക്കും ലെബാനോനും സമാധാനം തിരികെ നൽകാൻ കർത്താവിനോടു പ്രാർഥിക്കുക” – പുരോഹിതൻ അഭ്യർഥിച്ചു.