ഉക്രൈൻ പ്രസിഡന്റ് സെലിൻസ്കി ഇന്ന് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തും

റഷ്യ-ഉക്രൈൻ സംഘർഷം അവസാനമില്ലാതെ തുടരുന്നതിനിടെ, ഒക്ടോബർ 11 വെള്ളിയാഴ്ച ഫ്രാൻസിസ് പാപ്പ ഉക്രൈൻ പ്രസിഡന്റ് സെലിൻസ്കിയുമായി കൂടിക്കാഴ്ച നടത്തും. യുദ്ധം തുടങ്ങിയതിനുശേഷം ഇത് മൂന്നാം തവണയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. 2023 മെയ് മാസത്തിലും കഴിഞ്ഞ ജൂൺ മാസത്തിലും ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രാദേശികസമയം രാവിലെ 9.30-നായിരിക്കും പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുക. 2023 മെയ് മാസത്തിൽ നടന്ന കൂടിക്കാഴ്‌ചയ്ക്കുശേഷം, ലക്ഷക്കണക്കിനുവരുന്ന ഉക്രൈൻകാരുടെ ദുരിതങ്ങളിൽ പാപ്പ കാണിക്കുന്ന ശ്രദ്ധയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് പ്രസ്താവന നടത്തിയ പ്രസിഡന്റ് സെലിൻസ്കി, കുടിയൊഴിപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് ഉക്രൈൻ കുട്ടികളെ തിരികെ അവരുടെ വീടുകളിലെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പാപ്പയ്ക്ക് ഉറപ്പുനൽകിയിരുന്നു.

2020 ഫെബ്രുവരി എട്ടിനാണ് സെലിൻസ്കി ആദ്യം വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിലെത്തിയത്. കിയെവിൽ റഷ്യ നടത്തിയ ആദ്യ ബോംബാക്രമണം മുതൽ പാപ്പയുമായി അദ്ദേഹം കത്തുകളിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടിരുന്നു. 2023 മെയിൽ നടന്ന കൂടിക്കാഴ്‌ചയ്ക്കുശേഷം ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാവേളകളിലും വിവിധ പൊതുകൂടിക്കാഴ്ചകളിലും മറ്റു സമ്മേളനങ്ങളിലും ഉക്രൈൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടിയും യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനുവേണ്ടിയും പാപ്പ അഭ്യർഥന നടത്തിയിരുന്നു.

ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രകാരം, ഇറ്റാലിയൻ മെത്രാൻസമിതി പ്രസിഡന്റുകൂടിയായ കർദിനാൾ സൂപ്പി, ഉക്രൈനും റഷ്യയും സന്ദർശിക്കുകയും സമാധാനസ്ഥാപനത്തിനുവേണ്ടിയുള്ള ചർച്ചകളും അഭ്യർഥനകളും നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ശ്രമങ്ങൾവഴി ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനും കുട്ടികളെ സ്വരാജ്യങ്ങളിൽ തിരികെയെത്തിക്കുന്നതിനും സാധിച്ചുവെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരൊളിൻ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ കർദിനാൾ പരൊളിൻ ഉക്രൈൻ സന്ദർശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.