പാപ്പയുടെ ലോക സമാധാനദിന സന്ദേശത്തിന് നന്ദിപറഞ്ഞ് ഇറ്റലിയുടെ പ്രസിഡന്റ്

ലോക സമാധാനത്തിന്റെ വളർച്ചയ്ക്കായി ഫ്രാൻസിസ് പാപ്പ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദിപറഞ്ഞും ലോക സമാധാനദിനവും ജൂബിലിയുമായി ബന്ധപ്പെട്ട് പാപ്പ നൽകുന്ന ഉദ്ബോധനങ്ങൾക്കും ചെയ്യുന്ന സേവനങ്ങൾക്കും അഭിനന്ദനമറിയിച്ചും ഇറ്റലിയുടെ പ്രസിഡന്റ് സേർജ്യോ മത്തരെല്ല. ലോക സമാധാനദിനമായ ജനുവരി ഒന്നിന് കത്തിലൂടെയാണ് അദ്ദേഹം തന്റെ നന്ദി അറിയിച്ചത്.

അൻപത്തിയെട്ടാമത്‌ ലോക സമാധാനദിനത്തിലേക്കായി, ഫ്രാൻസിസ് പാപ്പ “ഞങ്ങളുടെ കടങ്ങൾ പൊറുക്കുക, ഞങ്ങൾക്ക് നിന്റെ സമാധാനമേകുക” എന്നപേരിൽ നൽകിയ സന്ദേശത്തിനാണ് പ്രസിഡന്റ് നന്ദിയർപ്പിച്ചത്. സാമൂഹ്യ-സാമ്പത്തിക ഭിന്നതകളും ലോകരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ സമാധാനപൂർണ്ണമായ വളർച്ചയ്‌ക്കെതിരെ ഉയരുന്ന ഭീഷണികളും മൂലം ലോകത്തുണ്ടാകുന്ന മുറിവുകളുടെ മുന്നിൽ, എല്ലാ സാമൂഹിക-മതനേതൃത്വങ്ങളെയും വിചിന്തനത്തിന് ക്ഷണിക്കുന്നതാണ് പാപ്പയുടെ സന്ദേശമെന്ന് ഇറ്റലിയുടെ പ്രസിഡന്റ് തന്റെ കത്തിൽ എഴുതി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന അപകടകരമായ ചില പ്രവർത്തനങ്ങളും സംരംഭങ്ങളും ആഗോളതലത്തിൽ അംഗീകൃതമായ നിയമങ്ങളിൽ അധിഷ്ഠിതമായ അന്തർദേശീയക്രമത്തിന് ഭീഷണിയുയർത്തുന്ന ഒരു കാലമാണിതെന്ന് ഇറ്റലിയുടെ പ്രസിഡന്റ് ഓർമിപ്പിച്ചു. ജനതകളുടെയും രാജ്യങ്ങളുടെയും സഹവാസത്തെ സാധ്യമാക്കുന്ന നിയമത്തെയാണ് ഇത്തരം പ്രവർത്തനങ്ങൾ ആക്രമിക്കുന്നതെന്നും അതുവഴി മനുഷ്യാന്തസ്സ്‌ വികലമാക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2025 സമാധാനം വളരുന്ന ഒരു വർഷമായിരിക്കട്ടെ എന്ന പാപ്പയുടെ ആശംസയെക്കുറിച്ചു പരാമർശിച്ച ഇറ്റലിയുടെ പ്രസിഡൻറ്, വ്യക്തിപരമായും സമൂഹപരമായും സമാധാനചർച്ചകളിൽ വിശ്വാസമർപ്പിക്കാനും കുടിയേറ്റം, പ്രകൃതിമലിനീകരണം, നവ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്ന അപകടസാധ്യതകളും അവസരങ്ങളും എന്നീ പ്രതിഭാസങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ക്ഷണിക്കുന്ന ഒരു സന്ദേശമാണ് അതിലുള്ളതെന്ന് എഴുതി.

യുവതലമുറയെ പ്രത്യേകം പരിഗണിച്ചുകൊണ്ട് ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും തുല്യവും സുസ്ഥിരവുമായ വളർച്ചയ്ക്കായുള്ള വഴികൾ കണ്ടുപിടിക്കുന്നതിനുമുള്ള ഇറ്റലിയുടെ കടമയും സേർജ്യോ മത്തരെല്ല പ്രത്യേകം പരാമർശിച്ചു. കത്തോലിക്ക സഭയുടെയും മാനവികതയുടെയും സേവനത്തിനായി പാപ്പ ചെയ്യുന്ന ശുശ്രൂഷകൾ പ്രത്യേകമായി പരിശ്രമിച്ച ഇറ്റലിയുടെ പ്രസിഡന്റ്, പാപ്പയ്ക്ക് വ്യക്തിപരമായും ആധ്യാത്മികപരമായുമുള്ള നന്മകൾ രാജ്യത്തെ പൗരന്മാരുടെകൂടി നാമത്തിൽ നേർന്നുകൊണ്ടാണ് തന്റെ കത്ത് അവസാനിപ്പിച്ചത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.