ലോകസമാധാനത്തിനായി പ്രാർഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പ

ഇസ്രായേലിനുനേരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനമായ ഒക്ടോബർ ഏഴ് തിങ്കളാഴ്ച, ലോകസമാധാനത്തിനായുള്ള പ്രാർഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പ. ഇതേ ഉദ്ദേശത്തോടെ ഒക്ടോബർ ആറിന് പാപ്പ ജപമാല പ്രാർഥന അർപ്പിക്കാനായി റോമിലെ മേരി മേജർ ബസലിക്കയിലെത്തും. സിനഡംഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും പ്രാർഥനയിൽ പങ്കെടുക്കാൻ ക്ഷണവുമുണ്ട്.

ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും നടമാടുന്നതിനിടെ, വിശ്വാസത്താൽ പ്രേരിതരായി പ്രാർഥനയുടെയും ഉപവാസത്തിന്റെയും ആയുധങ്ങളേന്തി സമാധാനത്തിനായി പോരാടാൻ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്‌തു. സിനഡിന് ആരംഭം കുറിച്ചുകൊണ്ട് ഒക്ടോബർ രണ്ടിന് വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരത്തിൽ നടന്ന വിശുദ്ധ ബലിയർപ്പണമധ്യേ നടത്തിയ പ്രഭാഷണത്തിനിടയിലാണ് ഒക്ടോബർ ഏഴ് തിങ്കളാഴ്‌ച പ്രത്യേകമായ പ്രാർഥനയ്ക്കും ഉപവാസത്തിനും പാപ്പ ആഹ്വാനം ചെയ്‌തത്‌.

2023 ഒക്ടോബർ ഏഴിന് പലസ്തീനിലെ ഹമാസ് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തിന്റെ ഒന്നാം വാർഷികദിനമാണ് ലോകസമാധാനത്തിനുള്ള പ്രാർഥനയുടെയും ഉപവാസത്തിന്റെയും ദിവസമായി പാപ്പ തിരഞ്ഞെടുത്തത്. വിശുദ്ധനാട് ഉൾപ്പെടെ വിവിധയിടങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി നടന്നുകൊണ്ടിരിക്കുന്ന സായുധസംഘർഷങ്ങൾക്കും നിരവധി മരണങ്ങൾക്കും കാരണമായത് ഇസ്രയേലിനുനേരെ ഹമാസ് നടത്തിയ ആക്രമണമായിരുന്നു.

അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെയും ആഫ്രിക്കയിലെ വിവിധയിടങ്ങളിൽ ജനങ്ങൾ നേരിടുന്ന സായുധസംഘർഷങ്ങളുടെയും വിവിധ ജനതകളെയും ദേശങ്ങളെയും കഷ്ടത്തിലാക്കുന്ന അതിക്രമങ്ങളുടെയും പശ്ചാത്തലത്തിൽക്കൂടിയാണ് പ്രാർഥനയും ഉപവാസവും നടത്തിക്കൊണ്ട് സമാധാനത്തിനായി പ്രാർഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്‌തതെന്ന് പാപ്പ വ്യക്തമാക്കി.

സമാധാനത്തിനായി പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥ്യം പ്രാർഥിക്കാനും പാപ്പ ഏവരെയും ക്ഷണിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ ആറാം തീയതി ഫ്രാൻസിസ് പാപ്പ റോമിലെ മേരി മേജർ ബസലിക്കയിലെത്തി ജപമാല പ്രാർഥന നടത്തും. പ്രാർഥനയിൽ സംബന്ധിക്കാൻ, നിലവിലെ സിനഡിൽ സംബന്ധിക്കാനായി റോമിലെത്തിയ ഏവരെയും പാപ്പാ ക്ഷണിച്ചു.

ഇതിനു മുൻപ് സിറിയ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്, തെക്കൻ സുഡാൻ, ലെബനോൻ, അഫ്ഗാനിസ്ഥാൻ, ഉക്രൈൻ, വിശുദ്ധനാടുകൾ എന്നീ പ്രദേശങ്ങളിൽ സമാധാനം പുലരാനായി പ്രാർഥനയും ഉപവാസവും നടത്താൻ പാപ്പ 2013 മുതലുള്ള വർഷങ്ങളിൽ ആഹ്വാനം ചെയ്‌തിരുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.