വത്തിക്കാനിലെത്തിയ പാപ്പയുടെ ചികിത്സകൾ തുടരുന്നു

കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് സങ്കീർണ്ണമായ രോഗാവസ്ഥയിലൂടെ കടന്നുപോയ പാപ്പയ്ക്ക്, വത്തിക്കാനിലെ സാന്താ മാർത്തായിൽ ചികിത്സയും ഫിസിയോതെറാപ്പിയും നൽകിവരുന്നുവെന്നും കഴിഞ്ഞ ദിവസവും പാപ്പ ഇവിടെയുള്ള ഒരു ചാപ്പലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ സഹകാർമ്മികനായെന്നും വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു. നിലവിൽ പുറത്തുനിന്നുള്ള ആർക്കും സന്ദർശനം അനുവദിക്കുന്നില്ലെന്നും അടുത്ത ആഴ്ചകളിലെ പാപ്പയുടെ പരിപാടികൾ സംബന്ധിച്ച് തീരുമാനങ്ങളായിട്ടില്ലെന്നും പ്രസ്സ്  ഓഫീസ് അറിയിച്ചു.

ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകളെത്തുടർന്ന് ഫെബ്രുവരി 14 വെള്ളിയാഴ്ച ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പ, 38 ദിവസങ്ങൾക്കുശേഷം മാർച്ച് 23 ഞായറാഴ്ചയാണ് വത്തിക്കാനിലേക്കു തിരികെയെത്തിയത്. ഈ ദിവസങ്ങളിലും പാപ്പയ്ക്ക് വിവിധ മരുന്നുകളും ഫിസിയോതെറാപ്പികളും നൽകുന്നുണ്ട്. സ്വരം വീണ്ടെടുക്കാനായുള്ള ശ്വസന ഫിസിയോതെറാപ്പി പ്രത്യേകമായി പാപ്പയ്ക്ക് ലഭ്യമാക്കുന്നുണ്ട്.

മരുന്നുകൾക്കും ഫിസിയോതെറാപ്പിക്കും പുറമെ, ആശുപത്രിയിലെ അവസാന ദിവസങ്ങളിൽ നൽകിയിരുന്നതുപോലെ പാപ്പയ്ക്ക് ഈ ദിവസങ്ങളിൽ സാന്താ മാർത്തായിൽ വച്ചും ഓക്സിജൻ നൽകുന്നുണ്ടെന്നും എന്നാൽ മുമ്പത്തെതിനെക്കാൾ കുറഞ്ഞ അളവിൽ മാത്രമാണ് ഇപ്പോൾ ഇത് നൽകുന്നതെന്നും പ്രസ്സ് ഓഫീസ് വിശദീകരിച്ചു. വിശുദ്ധ കുർബാനയർപ്പണത്തിലും പ്രാർഥനയിലും ചെറിയ തോതിലുള്ള ജോലികളിലും മുഴുകുന്നുണ്ടെങ്കിലും പുറത്തുനിന്നുള്ള സന്ദർശകരെ ആരെയും നിലവിൽ പാപ്പ സ്വീകരിക്കുന്നില്ലെന്നും പ്രസ്സ് ഓഫീസ് വ്യക്തമാക്കി.

ജൂബിലിയുമായോ, വലിയ ആഴ്ചയിലെ കർമ്മങ്ങളുമായോ ബന്ധപ്പെട്ടോ പരിപാടികളിൽ പാപ്പയുടെ പങ്കാളിത്തം സംബന്ധിച്ച് നിലവിൽ തീരുമാനങ്ങളൊന്നും ആയിട്ടില്ല. പാപ്പയുടെ ആരോഗ്യസ്ഥിതിയിലുള്ള മാറ്റമനുസരിച്ചായിരിക്കും മുന്നോട്ടുള്ള തീരുമാനങ്ങൾ. എന്നാൽ കഴിഞ്ഞ ആഴ്ചകളിലെന്നപോലെ, ഈ ബുധനാഴ്ചയും പൊതുകൂടിക്കാഴ്ചാവേളയിലേക്കായി തയ്യാറാക്കപ്പെട്ട പാപ്പയുടെ പ്രഭാഷണം പ്രസിദ്ധീകരിക്കപ്പെടുമെന്നും പ്രസ്സ് ഓഫീസ് കൂട്ടിച്ചേർത്തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.