ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും അതിന്റെ ഫലമായുണ്ടാകുന്ന കുടിയേറ്റവും ദാരിദ്ര്യവും മൂലം ഏതാണ്ട് 25 കോടിയോളം കുട്ടികൾക്ക് വിദ്യാഭ്യാസ സാധ്യതകൾ ഇല്ലാതാകുന്നതെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ. ജനുവരി മാസത്തേക്കുള്ള പ്രാർഥനാ നിയോഗമടങ്ങുന്ന വീഡിയോ സന്ദേശത്തിൽ വിദ്യാഭ്യാസത്തിനായുള്ള അവകാശത്തിനായി പ്രാർഥിക്കാനും പ്രവർത്തിക്കാനും പാപ്പ ഏവരെയും ആഹ്വാനം ചെയ്തു.
തങ്ങളുടെ കുടിയേറ്റസാഹചര്യങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്തതകൾ പരിഗണിക്കാതെ തന്നെ, എല്ലാ കുട്ടികൾക്കും യുവജനങ്ങൾക്കും സ്‌കൂളിൽ പോകാനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശമുണ്ടെന്ന് പാപ്പ തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. വിദ്യാഭ്യാസം നേടുകയെന്നത് ഏവരുടെയും ഹൃദയാഭിലാഷമാണെന്നു പറഞ്ഞ പാപ്പ, വിദ്യാഭ്യാസം, കുടിയേറ്റക്കാർക്കും അഭയാർഥികൾക്കും എല്ലായിടങ്ങളിലുമുള്ള വിവേചനം, ക്രിമിനൽ-ചൂഷണശൃംഖലകൾ തുടങ്ങിയ അപകടങ്ങളിൽനിന്ന് മോചനം എന്നിവ ഉറപ്പാക്കുമെന്ന് പ്രസ്താവിച്ചു. ലോകത്ത് പ്രായപൂർത്തിയാകാത്ത നിരവധി പേരാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് പാപ്പ അപലപിച്ചു. തങ്ങളെ സ്വീകരിക്കുന്ന സമൂഹത്തോട് മെച്ചപ്പെട്ട രീതിയിൽ ഇടകലർന്നു ജീവിക്കാൻ വിദ്യാഭ്യാസം സഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേർത്തു.
മെച്ചപ്പെട്ട ഒരു ഭാവിയിലേക്കുള്ള വാതിലാണ് വിദ്യാഭ്യാസം നമുക്കായി തുറക്കുന്നതെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, അതുവഴി കുടിയേറ്റക്കാരും അഭയാർഥികളുമായ ആളുകൾക്ക് അവർ തങ്ങളുടെ ജന്മനാട്ടിലേക്ക് തിരികെപ്പോകാൻ തീരുമാനിച്ചാൽ അവിടെയും, തങ്ങളെ സ്വീകരിച്ചിട്ടുള്ള പുതിയ ഇടത്ത് തുടരുകയാണെങ്കിൽ അവിടെയുമുള്ള പൊതുസമൂഹത്തിന് തങ്ങളുടേതായ സംഭാവനകൾ നൽകാനാകുമെന്നും പറഞ്ഞു. പരദേശിയായ ഒരുവനെ സ്വീകരിക്കുന്നവർ യേശുക്രിസ്തുവിനെത്തന്നെയാണ് സ്വീകരിക്കുന്നതെന്നത് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പ ഓർമിപ്പിച്ചു.
കുടിയേറ്റക്കാരും അഭയാർഥികളും യുദ്ധത്താൽ ദുരിതമനുഭവിക്കുന്നവരുമായ ആളുകൾക്ക് വിദ്യാഭ്യാസത്തിനായുള്ള അവരുടെ അവകാശം മാനിക്കപ്പെടാനും അതുവഴി മെച്ചപ്പെട്ട ഒരു ലോകം പടുത്തുയർത്താൻവേണ്ടിയുള്ള വിദ്യാഭ്യാസം ഉറപ്പാക്കപ്പെടാനും വേണ്ടി നമുക്ക് പ്രാർഥിക്കാമെന്നും പറഞ്ഞുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
കടപ്പാട്: വത്തിക്കാൻ ന്യൂസ്