
റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന പാപ്പ, ആഞ്ചലൂസ് സന്ദേശത്തിൽ സന്തോഷത്തോടെയും സ്നേഹത്തോടെയും സേവനം തുടരാൻ ഡീക്കന്മാരോട് ആഹ്വാനം ചെയ്തു. ഒപ്പം തന്നെയും ആശുപത്രിയിലുടനീളമുള്ള രോഗികളെയും പരിചരിക്കുന്ന ഡോക്ടർമാരോടും ആരോഗ്യ പ്രവർത്തകരോടും നന്ദി അറിയിക്കുകയും ചെയ്തു.
“നിങ്ങളുടെ പ്രേഷിതത്വം സന്തോഷത്തോടെ തുടരാനും – ഇന്നത്തെ സുവിശേഷം സൂചിപ്പിക്കുന്നത് പോലെ – എല്ലാവരെയും ഉൾക്കൊള്ളുന്ന, തിന്മയെ നന്മയാക്കി മാറ്റുകയും സാഹോദര്യ ലോകത്തെ സൃഷ്ടിക്കുകയും ചെയ്യുന്ന സ്നേഹത്തിന്റെ അടയാളമായിരിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു”- പാപ്പ അഭ്യർഥിച്ചു.
പ്രസംഗത്തിൽ, വത്തിക്കാനിൽ നടന്നുകൊണ്ടിരിക്കുന്ന ഡീക്കൻമാരുടെ ജൂബിലിയെ പരിശുദ്ധ പിതാവ് അനുസ്മരിച്ചു. ഫെബ്രുവരി 23 ന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ കുർബാന മദ്ധ്യേ നിരവധി ഡീക്കൻമാരുടെ സ്ഥാനാരോഹണവും ഉണ്ടായിരുന്നു.
“ഈ ദിവസങ്ങളിൽ വത്തിക്കാനിൽ നടക്കുന്ന ഡീക്കൻമാരുടെ ജൂബിലിയിൽ പങ്കെടുത്തവരെയും ഡീക്കന്മാരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ഈ പരിപാടി ഒരുക്കിയതിന് വൈദികർക്കും സുവിശേഷവൽക്കരണ ഡികാസ്റ്ററിക്കും നന്ദി പറയുന്നു – “ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.