സുവിശേഷ പ്രഘോഷണത്തെയും സഭാനിയമങ്ങളെയും ഒന്നിപ്പിക്കുന്ന ഘടകം കണ്ടെത്തുക നിർണ്ണായകമെന്ന് ഫ്രാൻസിസ് പാപ്പാ. റോമൻ റോത്ത സഭാനിയമജ്ഞർക്കും കുടുംബ അജപാലകർക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പാ.
ക്രിസ്തുവിന്റെ സദ്വാർത്താ പ്രഘോഷണദൗത്യവും സഭാനിയമങ്ങളും രണ്ട് വ്യത്യസ്ത യാഥാർത്ഥ്യങ്ങളായി കാണുന്നതിനു പകരം, സഭയുടെ ഏകദൗത്യത്തിനുള്ളിൽ അവയെ ഒന്നിപ്പിക്കുന്ന ഘടകം കണ്ടെത്തേണ്ടത് നിർണ്ണായകമാണെന്നും പാപ്പാ പറഞ്ഞു. ഓരോ വ്യക്തിക്കും സമൂഹത്തിനും ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചക്ക് അവകാശമുണ്ടെന്നും ആ കൂടിക്കാഴ്ചക്ക് ആധികാരികത പ്രദാനം ചെയ്യുന്നതും അതിനെ ഫലദായകമാക്കിത്തീർക്കുന്നതുമാകണം സഭയുടെ എല്ലാ നിയമങ്ങളും നിയമനടപടികളുമെന്നും പാപ്പാ വിശദീകരിച്ചു. ആകയാൽ, സഭാനിയമം സഭയുടെ ജീവിതവുമായി ഉറ്റബന്ധമുള്ളതായി അതിന്റെ അവശ്യഘടകങ്ങളിലൊന്നായി കാണപ്പെടുന്നുവെന്നും പാപ്പാ പറഞ്ഞു.
ഈ ഒരു അർത്ഥത്തിൽ, സുവിശേഷവത്ക്കരണം എന്നത് ഇടയന്മാരുടെയും അതുപോലെ തന്നെ സകല വിശ്വാസികളുടെയും പ്രാഥമിക നൈയമിക പ്രതിബദ്ധതയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.