
ഉത്ഥിതനായ ക്രിസ്തുവിന്റെ ദാനമായ പരിശുദ്ധാത്മാവാണ് കൂട്ടായ്മയും ഐക്യവും സാഹോദര്യവും സൃഷ്ടിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ജൂബിലി തീർഥാടനവുമായി ബന്ധപ്പെട്ട് ഏപ്രിൽ മൂന്നിന് വത്തിക്കാനിലെത്തിയവർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
“പരിശുദ്ധാത്മാവാണ് യഥാർഥ സമാധാനം നൽകുന്നത്. സമൂഹങ്ങളിലും രാഷ്ട്രങ്ങളിലും സംഘർഷങ്ങളെ അതിജീവിക്കാനും സമാധാനവും ഐക്യവും സാധ്യമാക്കാനും ആത്മാവിന്റെ സഹായം പ്രധാനമാണ്.” പാപ്പ അനുസ്മരിപ്പിച്ചു. ലോകത്തിൽ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സാക്ഷികളും സൃഷ്ടാക്കളുമാകാൻ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിലെ എല്ലാവരെയും പാപ്പ തന്റെ സന്ദേശത്തിലൂടെ ക്ഷണിക്കുകയും ചെയ്തു.
ദൈവജനത്തിനും ലോകം മുഴുവനും വേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കാനായി ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് നടത്തുന്ന ഈ തീർഥാടനത്തിന് പാപ്പ നന്ദി അറിയിച്ചു. മാർച്ച് 29 നാണ് ഈ തീർഥാടനത്തിൽ സംബന്ധിച്ചവർക്കായി പാപ്പ തന്റെ സന്ദേശം തയ്യാറാക്കി ഒപ്പിട്ടത്.