പാവപ്പെട്ടവരെയും മുറിവേറ്റവരെയും അവഗണിക്കരുതെന്ന് ഫ്രാൻസിസ് പാപ്പ

സമൂഹത്തിലെ പാവപ്പെട്ടവരെയും ദാരിദ്രരെയും അവഗണിക്കരുതെന്നും സാമൂഹ്യവ്യവസ്ഥിതിയിലെ വിഭജനങ്ങളും അസമത്വങ്ങളും അവസാനിപ്പിക്കണമെന്നും ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. പാവപ്പെട്ടവരോടും വേദന അനുഭവിക്കുന്നവരോടും സമീപസ്ഥരായിരിക്കുക എന്നത് സഭയുടെ ആവശ്യവും ഉത്തരവാദിത്വവുമാണെന്ന് തിരിച്ചറിയണമെന്നും പാപ്പ കൂട്ടിച്ചേർത്തു. ഒക്ടോബർ 25 വെള്ളിയാഴ്ച, റോം രൂപതയുടെ കീഴിൽ ‘മുറിവേറ്റതിനെ തുന്നിപ്പിടിപ്പിക്കുക, അസമത്വങ്ങൾക്കുമപ്പുറം’ എന്നപേരിൽ, ജോൺ ലാറ്ററൻ ബസലിക്കയിൽ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാപ്പ.

റോമിന്റെ തെരുവുകളിൽ താമസിക്കുന്ന ഒരുപാട് മനുഷ്യരുടെയും സ്വന്തമായി വീടോ, ജോലിയോ ഇല്ലാതെ അലയുന്ന യുവജനങ്ങളുടെയും വിവിധ ദുഃശീലങ്ങൾക്കും ആധുനിക അടിമത്തങ്ങൾക്കും കീഴ്പ്പെട്ട് നിരാശരായിരിക്കുന്ന ആളുകളുടെയും ജീവിതങ്ങൾ വെറും കണക്കുകളായി അവസാനിക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പ, അവരിൽ മുറിവേറ്റ ക്രിസ്തുവിന്റെ മുഖം കാണാൻ നമുക്ക് സാധിക്കുന്നുണ്ടോയെന്നും ചോദിച്ചു. ഇങ്ങനെയുള്ള മനുഷ്യർക്കായി നമുക്കൊരുമിച്ച് എന്തുചെയ്യാനാകുമെന്നു ചിന്തിക്കാൻ പാപ്പ ആഹ്വാനം ചെയ്തു.

പാവപ്പെട്ടവർ ക്രിസ്തുവിന്റെ ശരീരമാണെന്നു പറഞ്ഞ പാപ്പ, അവർക്കായി അത്ഭുതകരമായ പരിഹാരങ്ങളൊന്നും യേശു വാഗ്ദാനം ചെയ്യുന്നില്ലെന്നും എന്നാൽ അവരിലേക്ക് സുവിശേഷസന്ദേശം എത്തിക്കുകയാണ് നാം വേണ്ടതെന്നും പറഞ്ഞു. ദാരിദ്ര്യമെന്ന പ്രശ്‌നത്തെ സഭാത്മകമായ ഒരു ഉത്തരവാദിത്വമായി കാണുകയും അവർക്ക് സമീപസ്ഥരായിരുന്നകൊണ്ട് ദൈവത്തിന് അവരോടുള്ള ആർദ്രതയുടെ അടയാളങ്ങളായി മാറാൻ പാപ്പ ഏവരെയും ആഹ്വാനം ചെയ്തു. സമൂഹത്തിൽ ദുർബലരും പാവപ്പെട്ടവരുമായിരിക്കുന്ന മനുഷ്യർക്ക് ചെയ്യുന്ന സേവനങ്ങൾക്ക് പാപ്പ നന്ദിപറഞ്ഞു.

റോമാ നഗരത്തിൽ സാമ്പത്തികമായതുൾപ്പെടെയുള്ള വൈരുധ്യങ്ങളുടെ മുന്നിൽ നാം നിഷ്ക്രിയരായിരിക്കരുതെന്ന് പാപ്പ ഓർമിപ്പിച്ചു. കാരുണ്യത്തോടെയുള്ള ഉപവിപ്രവർത്തനങ്ങളിലേക്കും മുൻവിധികളില്ലാതെ പാവപ്പെട്ടവരോടും പാതയോരങ്ങളിൽ അന്തിയുറങ്ങുന്നവരോടും സംവദിക്കുന്നതിലേക്കും നാം വളരേണ്ടതുണ്ടെന്നും പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.