ഫ്രാൻസിസ് പാപ്പ ഫ്രഞ്ച് ദ്വീപായ കോസിന്റെ തലസ്ഥാനമായ അജക്സിയോ സന്ദർശിക്കും. ഡിസംബർ 15-ന് ഞായറാഴ്ച ആയിരിക്കും ഈ സന്ദർശനമെന്ന് പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയത്തിന്റെ മേധാവി മത്തേയൊ ബ്രൂണി വെളിപ്പെടുത്തി.
കോസിന്റെ പൗരാധികാരികളുടെയും പ്രാദേശിക സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പ ഈ സന്ദർശനം നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. “മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” (La religiosité populaire en Méditerranée ) എന്ന ശീർഷകത്തിൽ അജക്സിയൊ രൂപത ഡിസംബർ 14,15 തീയതികളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൻറെ സമാപനത്തോടനുബന്ധിച്ചാണ് പാപ്പായുടെ ഈ സന്ദർശനം.
‘യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു’ എന്ന അപ്പൊസ്തോല പ്രവർത്തനം പത്താം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തെ വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത ഈ വചനമാണ് പാപ്പായുടെ സന്ദർശനത്തിൻറെ പ്രമേയം. റോമിലെ അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്ന് ഡിസംബർ 15-ന് രാവിലെ, പ്രാദേശിക സമയം, 7.45-ന് പുറപ്പെടുന്ന പാപ്പാ അജാക്സിയൊയിൽ 9 മണിക്കെത്തും. “മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” എന്ന ശീർഷകത്തിലുള്ള സമ്മേളനത്തിൻറെ സമാപനയോഗത്തിൽ സംബന്ധിക്കുന്ന പാപ്പാ സ്വർഗ്ഗാരോപിതനാഥയുടെ കത്തീഡ്രലിൽ മെത്രാന്മാരും വൈദികരും വൈദികാർഥികളും സമർപ്പിതരുമായി കൂടിക്കാഴ്ച നടത്തുകയും ത്രികാലപ്രാർത്ഥന നയിക്കുകയും ചെയ്യും.
ഉച്ചയ്ക്കു ശേഷം പാപ്പാ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് അജാക്സിയൊയിലെ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കു പോകുന്ന പാപ്പാ അവിടെവച്ച് ആ പ്രദേശത്തിൻറെ പ്രസിഡൻറ് ജീൽസ് സിമയൊണിയുമായി (Gilles Simeoni) കൂടിക്കാഴ്ച നടത്തും. അതിനു ശേഷം പാപ്പാ 6.15-ന് റോമിലേക്കു മടങ്ങും.