നാം പരസ്പരം സഹായിക്കുകയും താങ്ങാകുകയും ചെയ്യേണ്ടവരാണ്: ഫ്രാൻസിസ് പാപ്പ

നാമെല്ലാവരും പരസ്പരം സഹായിക്കുകയും താങ്ങാകുകയും ചെയ്യേണ്ടവരാണെന്നും ഇത് വ്യക്തിഗത സമൂഹങ്ങൾക്കും സഭയ്ക്കാകമാനവും ബാധകമാണെന്നും പാപ്പാ. വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന സ്വിസ് കാവൽഭടന്മാർക്ക് വിവിധതലങ്ങളിൽ സഹായമേകുന്ന പൊന്തിഫിക്കൽ സ്വിസ് കാവൽഭടന്മാരുടെ ഫൗണ്ടേഷൻറെ രജതജൂബിലിയോടനുബന്ധിച്ച് അതിലെ അംഗങ്ങളുടെ എൺപതോളം പേരടങ്ങിയ സംഘവുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ഈ ഫൗണ്ടഷന്റെ പ്രവർത്തനം എന്നും വിശ്വാസത്തിന്റെയും ഉപവിയുടെയും ചൈതന്യത്തോടുകൂടിയായിരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കാരണം പൊന്തിഫിക്കൽ സ്വിസ് കാവൽഭടന്മാർക്ക് സഹായമരുളുകയെന്നാൽ സാർവ്വത്രിക സഭയ്ക്കുവേണ്ടിയുള്ള ശുശ്രൂഷ നിർവ്വഹിക്കുന്നതിൽ പത്രോസിന്റെ പിൻഗാമിയെ സഹായിക്കുകയെന്നാണെന്ന് പാപ്പാ വിശദീകരിച്ചു.

സ്വിസ് കാവൽഭടന്മാരുടെ പ്രവർത്തനത്തിന് കാലത്തിന്റെ ഗതിയിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും പാപ്പായ്ക്ക് സംരക്ഷണമേകുകയെന്ന അതിന്റെ ലക്ഷ്യം അചഞ്ചലമായി നിലകൊള്ളുന്നുവെന്നു പാപ്പാ പറഞ്ഞു. പാപ്പായെ കാണുന്നതിനായി ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന നിരവധിയായ തീർത്ഥാടകരെ സ്വാഗതം ചെയ്യുന്നതിന് സഹായഹസ്തം നീട്ടുകയെന്നതും അവരുടെ ഈ ദൗത്യത്തിൽ അന്തർലീനമാണെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

പാപ്പായ്ക്ക് സേവനം ചെയ്യുന്ന സ്വിസ് കാവൽഭടന്മാരുടെ കുടുംബങ്ങൾക്കും അവരുടെ മക്കളുടെ വിദ്യഭ്യാസം രൂപവത്ക്കരണം തുടങ്ങിയവയ്ക്കും ഈ ഫൗണ്ടേഷൻ നല്കുന്ന വിലപ്പെട്ട സേവനങ്ങൾ പാപ്പാ അനുസ്മരിക്കുകയും കുടുബത്തിന് സഭയിലും സമൂഹത്തിലുമുള്ള മൗലികപ്രാധാന്യം എടുത്തുകാട്ടുകയും ചെയ്തു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.