ലോക ദരിദ്രരുടെ ദിനത്തോടനുബന്ധിച്ച് 1300 പേരോടൊപ്പം ഉച്ചഭക്ഷണം പങ്കിട്ട് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ എട്ടു വർഷമായി തുടരുന്ന ഈ ദിനാചരണത്തിൽ, നവംബർ 17 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കുശേഷമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടവർ പാപ്പയോടൊപ്പം ഭക്ഷണത്തിനിരുന്നത്.
ഡിക്കാസ്റ്ററി ഫോർ ദ സർവീസ് ഓഫ് ചാരിറ്റിയും ഇറ്റാലിയൻ റെഡ് ക്രോസുമാണ് ഭക്ഷണം സ്‌പോൺസർ ചെയ്തത്. ഈ ദിനം ആഘോഷിക്കുന്നത് യേശുവിനെ അനുഗമിക്കുകയും ‘സുവിശേഷം സൂചിപ്പിക്കുന്ന അതേ രീതിയിൽ ചിന്തിക്കുകയും ചെയ്യുക’ എന്ന ചിന്തയിൽ നിന്നുമാണ് എന്ന് പേപ്പൽ അൽമോണർ കർദിനാൾ കോൺറാഡ് ക്രാജെവ്സ്കി വിശദീകരിച്ചു. “കാരണം, അത് ക്രിസ്തു ചെയ്യുമായിരുന്നു. അതിനാൽ ഞങ്ങളും അത് ചെയ്യും” – അദ്ദേഹം വ്യക്തമാക്കി.
ഉച്ചഭക്ഷണത്തിനുശേഷം ഫ്രാൻസിസ് മാർപാപ്പ എല്ലാവരെയും അഭിവാദ്യം ചെയ്യുകയും ഈ ദിനവുമായി സഹകരിച്ച ജനങ്ങൾക്ക് നന്ദിപറയുകയും ചെയ്തു.