ഫെബ്രുവരി മൂന്നിന് വത്തിക്കാനിൽ ആരംഭിച്ച കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഉച്ചകോടിയിൽ പുതിയ പേപ്പൽ രേഖയുടെ പ്രമേയം കുട്ടികളെക്കുറിച്ചായിരിക്കുമെന്ന് മാർപാപ്പ പ്രഖ്യാപിച്ചു. ‘അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 3, 4 തീയതികളിൽ ദ്വിദിന പരിപാടിയായിട്ടാണ് വത്തിക്കാനിൽ വച്ച്, കുട്ടികൾക്കായുള്ള ഉച്ചകോടി നടക്കുന്നത്.
“ഈ പ്രതിബദ്ധതയ്ക്ക് തുടർച്ച നൽകുന്നതിനും സഭയിലൂടനീളം അതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരു പ്രബോധനം തയ്യാറാക്കാൻ ഞാൻ പദ്ധതിയിടുന്നു.” ഉച്ചകോടിയിലെ സദസ്സിൽ മാർപാപ്പ പങ്കുവച്ചു. നീതി നിഷേധിക്കപ്പെടുന്ന ഗർഭസ്ഥ ശിശുക്കൾ, യുദ്ധമേഖലയിൽ താമസിക്കേണ്ടിവരുന്ന കുട്ടികൾ, വിദ്യാഭ്യാസവും അവശ്യവസ്തുക്കളും സുരക്ഷിതത്വവും നഷ്ടപ്പെട്ട് കുടിയേറ്റങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയാകുന്ന കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ചും മാർപാപ്പ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
ജോർദാനിലെ റാനിയ രാജ്ഞി, അമേരിക്കൻ ഐക്യനാടുകളുടെ മുൻ വൈസ് പ്രസിഡന്റ് അൽ ഗോർ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്, മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി, മലാല യൂസഫ്സായി, സമാധാന നോബൽ സമ്മാനജേതാവായ ഇന്ത്യൻ ആക്ടിവിസ്റ്റ് കൈലാഷ് സത്യാർഥി എന്നിവർ ഉച്ചകോടിയിലെ പ്രഭാഷകരാണ്.