വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പയും അൽബേനിയൻ പ്രസിഡന്റ് ബജ്‌റാം ബെഗാജും. മെയ് ആറിനു നടന്ന ഈ കൂടിക്കാഴ്ചയിൽ കമ്മ്യൂണിസത്തിൻകീഴിൽ ക്രിസ്ത്യാനികൾ നേരിടുന്ന കടുത്ത മതപീഡനവും യഹൂദർക്ക് അൽബേനിയൻ ജനത നൽകുന്ന സംരക്ഷണവും അനുസ്മരിച്ചു.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്‌ട്ര സംഘടനകളുമായുമുള്ള വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനപ്രകാരം, സ്റ്റേറ്റ് സെക്രട്ടേറിയേറ്റിൽ നടന്ന ചർച്ചകൾ ഹൃദ്യമായിരുന്നു.
യൂറോപ്യൻ യൂണിയൻ അംഗത്വത്തിലേക്കുള്ള അൽബേനിയയുടെ ശ്രമങ്ങൾ, വിവിധ അന്താരാഷ്ട്ര പ്രശ്നങ്ങൾ, പശ്ചിമ ബാൽക്കൻസ് മേഖലയിലും മിഡിൽ ഈസ്റ്റിലെയും ഉക്രൈനിലെയും സംഘർഷങ്ങൾ എന്നീ വിഷയങ്ങളും ചർച്ചയുടെ ഭാഗമായി. വെങ്കലശില്പം, പേപ്പൽ രേഖകളുടെ വാല്യങ്ങൾ, 2024-ലെ സമാധാനസന്ദേശം എന്നിവയുൾപ്പെടെ നിരവധി സമ്മാനങ്ങൾ പാപ്പ അൽബേനിയൻ പ്രസിഡന്റിനു സമ്മാനിച്ചു.
2014 സെപ്റ്റംബർ 21-ന് ഫ്രാൻസിസ് മാർപാപ്പ അൽബേനിയയുടെ തലസ്ഥാനമായ ടിറാനയിലേക്ക് അപ്പസ്തോലിക യാത്ര നടത്തിയിരുന്നു.