‘ഏ ജോർണലിസ്മൊ’ മാധ്യമപുരസ്കാരം സ്വീകരിച്ച് മാർപാപ്പാ

ഇറ്റലിയിലെ ഏതാനും പ്രമുഖ പത്രപ്രവർത്തകർ ചേർന്ന് 1995-ൽ ഏർപ്പെടുത്തിയ ‘ഇതാകുന്നു പത്രപ്രവർത്തനം’ എന്ന് അർഥം വരുന്ന ‘ഏ ജോർണലിസ്മൊ’ മാധ്യമപുരസ്കാരം സ്വീകരിച്ച് മാർപാപ്പ. സംഘർഷത്തിന്റേതല്ല പ്രത്യുത, സമാഗമത്തിന്റെ, യുദ്ധത്തിന്റേതല്ല മറിച്ച് സമധാനത്തിന്റെ ഒരു സംസ്കൃതി പരിപോഷിപ്പിക്കുന്നതായ രചനാത്മക ആശയവിനിമയം അടിയന്തര ആവശ്യമാണെന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മാർപാപ്പാ വ്യക്തമാക്കി.

റോമിന്റെ മെത്രാനാകുന്നതിനു മുമ്പും പിമ്പും പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിനോട് പൊതുവെ താൻ വിമുഖത കാട്ടിയിരുന്നതിനെക്കുറിച്ച് പാപ്പാ സൂചിപ്പിച്ചു. സൃഷ്ടിപരമായ ഒരു ആശയവിനിമയത്തിന്റെ അടിയന്തരാവശ്യത്തിന് ഊന്നൽ നല്കുക എന്നതാണ് ഇപ്പോൾ ഈ സമ്മാനം സ്വീകരിക്കുന്നതിന് തന്നെ പ്രേരിപ്പിച്ചതെന്ന് മാർപാപ്പ വെളിപ്പെടുത്തി. മുൻവിധിയല്ല, അപരനോടു തുറവുകാട്ടുന്ന ഒരു സംസ്കാരം വളർത്തിയെടുക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

വ്യാജവാർത്തകളുടെ പ്രസരണത്തിൽ തന്റെ ആശങ്കയറിയിച്ച പാപ്പാ, വൈപരീത്യത്തിന്റെ യുക്തിക്ക് അടിയറവു പറയാതിരിക്കുകയും വിദ്വേഷത്തിന്റെ ഭാഷയുടെ സ്വാധീനത്തിലാകാതിരിക്കുകയും വേണമെന്നു പറഞ്ഞു. പത്രപ്രവർത്തകർ തെറ്റായ വിവരങ്ങൾ നല്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയ പാപ്പാ, തെറ്റായ വിവരങ്ങൾ നല്കുന്നത് പത്രപ്രവർത്തനത്തിലെ നാലു പാപങ്ങളിൽ ഒന്നാണെന്നും ഇതരപാപങ്ങൾ പരദൂഷണം, അപകീർത്തിപ്പെടുത്തൽ, അപവാദപ്രചരണങ്ങളിൽ അഭിരമിക്കൽ എന്നിവയാണെന്നും വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.