എല്ലാ ക്രിസ്ത്യാനികളിലും നിക്ഷിപ്തമായിരിക്കുന്ന എക്യൂമെനിക്കൽ ദൈവവിളിയെ ഫ്രാൻസിസ് മാർപാപ്പ അനുസ്മരിപ്പിച്ചു. വിശുദ്ധ ഹെൻറിയുടെ തിരുനാളിനോടനുബന്ധിച്ച് ജനുവരി 19 ന് റോമിലേക്ക് തീർഥാടനം നടത്തിയ വിവിധ ക്രൈസ്തവവിഭാഗങ്ങളിലെ ഫിന്നിഷ് പ്രതിനിധികളുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇപ്രകാരം ഓർമപ്പെടുത്തിയത്.
“സ്നേഹത്തിന്റെ അവതാരമായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക എന്നത് ജ്ഞാസ്നാനം സ്വീകരിച്ച എല്ലാവർക്കുമുള്ള എക്യുമെനിക്കൽ വിളിയാണ്” എന്ന് പരിശുദ്ധ പിതാവ് പങ്കുവച്ചു. ഈ വിളി ആത്മവിശ്വാസത്തോടെ ജീവിക്കുന്നതിനായി മാർപാപ്പ തന്നോടൊപ്പമുണ്ടായിരുന്നവരെ പ്രാർഥിക്കാൻ ക്ഷണിച്ചു.
വത്തിക്കാനിലെ അപ്പസ്‌തോലിക വസതിയിൽ നടന്ന യോഗത്തിൽ ഫിന്നിഷ് ഓർത്തഡോക്‌സ് സഭയുടെ തലവൻ, ഹെൽസിങ്കി ആർച്ച് ബിഷപ്പ് ഏലിയാസ്, ഹെൽസിങ്കി രൂപതയിലെ കത്തോലിക്കാ ബിഷപ്പ് റൈമോ ഗോയറോള, ഇവാഞ്ചലിക്കൽ ലൂഥറൻ സഭയുടെ ബിഷപ്പ് മാറ്റി സലോമകി എന്നിവർ പങ്കെടുത്തു.