കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിലുണ്ടായ അഗ്നിബാധയിൽ ഇരകളായവർക്കുവേണ്ടി പ്രാർഥനകൾ നേർന്നും കുടുംബാംഗങ്ങൾക്ക് തന്റെ സാമീപ്യമറിയിച്ചും, ഉക്രൈനുവേണ്ടി പ്രാർഥനകൾ അഭ്യർഥിച്ചും ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ ആറ്, ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് ഇരുരാജ്യങ്ങളിലും കഷ്ടതകളനുഭവിക്കുന്ന ജനങ്ങൾക്കായി പ്രാർഥന അഭ്യർഥിച്ചത്.
ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിൽ കഴിഞ്ഞദിവസമുണ്ടായ അഗ്നിബാധയിൽ ഏഴുപതിലധികം ആളുകൾ മരണമടഞ്ഞതിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി. അഞ്ചുനിലകളുള്ള ഈ കെട്ടിടത്തിലുണ്ടായ അപകടത്തിൽ മരണമടഞ്ഞവരിൽ നിരവധി കുട്ടികളുമുണ്ടായിരുന്നുവെന്ന് പാപ്പാ അനുസ്മരിച്ചു. അപകടത്തിൽ ഇരകളായവർക്കുവേണ്ടി പ്രാർഥിക്കാൻ ഏവരോടും ആഹ്വാനം ചെയ്ത പാപ്പാ, സംഭവത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്ക് തന്റെ അനുശോചനം രേഖപ്പെടുത്തുകയും അവർക്കും അപകടത്തിൽപെട്ടവർക്ക് സേവനങ്ങളെത്തിക്കുന്നവർക്കും അനുഗ്രഹങ്ങൾ ആശംസിക്കുകയും ചെയ്തു. ജൊഹാന്നസ്ബർഗിൽ ആഗസ്റ്റ് 31 -ാം തീയതിയുണ്ടായ അപകടത്തിൽ 73 പേർ മരണമടയുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബർ 8 -ന് ആഘോഷിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ, റഷ്യ – ഉക്രൈൻ യുദ്ധത്തിൽ പീഡിപ്പിക്കപ്പെടുന്ന ഉക്രൈൻജനതയുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാമെന്ന് പറയുകയും ചെയ്തു.