‘ഭിക്ഷ നൽകുമ്പോൾ അവരുടെ കരങ്ങളിൽ സ്പർശിക്കാൻ മടിക്കരുത്’ എന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ദരിദ്രരുടെ കരങ്ങൾ തൊടാനും ദൈവം അവരെ മറക്കുന്നില്ല എന്ന പ്രത്യാശ അവർക്ക് നല്കണമെന്നുമായിരുന്നു ലോക ദരിദ്രരുടെ ദിനമായ നവംബർ 17 ഞായറാഴ്ച പാപ്പ ആഹ്വാനം ചെയ്തത്.
2024 ൽ, ദരിദ്രരുടെ എട്ടാമത് ലോകദിനമായിട്ടാണ് ആചരിക്കുന്നത്. ഈ അവസരത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദിവ്യബലി അർപ്പിച്ച പാപ്പ ‘നമ്മുടെ ക്രിസ്ത്യൻ സാമീപ്യത്തോടെ, നമ്മുടെ ക്രിസ്ത്യൻ സാഹോദര്യത്തോടെ’ യേശു അടുത്തുവരുന്നതായും തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു.
“ഭിക്ഷ നൽകുന്ന ഒരാളോട് ഞാൻ രണ്ടു കാര്യങ്ങൾ ചോദിക്കുന്നു. നിങ്ങൾ, ഭിക്ഷ സ്വീകരിക്കുന്ന ആളിന്റെ കൈകളിൽ തൊടാറുണ്ടോ അതോ അവരെ തൊടാതെ നാണയം എറിയുമോ? നിങ്ങൾ സഹായിക്കുന്ന ആളിന്റെ കണ്ണുകളിൽ നോക്കാറുണ്ടോ അതോ തിരിഞ്ഞുനിൽക്കുമോ” – പാപ്പ ചോദിച്ചു. മറ്റുള്ളവരുടെ വേദന, ദാരിദ്ര്യം, ആവശ്യം എന്നിവ കാണുമ്പോൾ നാം കണ്ണടയ്ക്കാറാണോ പതിവ് എന്ന് ആത്മശോധന ചെയ്യണമെന്നും ലോകത്തിന്റെ കഷ്ടപ്പാടുകളിലേക്ക് നമ്മുടെ കണ്ണ് തുറക്കുന്ന ഒരു വിശ്വാസം ഉണ്ടായിരിക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു. ആഗോള ദാരിദ്ര്യത്തിന്റെ പ്രധാന പ്രശ്‌നങ്ങളിൽ മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്കെല്ലാവർക്കും ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പാപ്പ ഓർമിപ്പിച്ചു.
“യഥാർഥത്തിൽ, ദരിദ്രരെ എത്രത്തോളം സേവിക്കുന്നുവോ അത്രത്തോളം നാം യേശുവിന്റെ സഭയായി മാറുന്നു. കാരണം, ഈ വിധത്തിൽ മാത്രമേ സഭ ‘സ്വയം’ ആയിത്തീരുകയുള്ളൂ. അതായത്, സഭ എല്ലാവർക്കുമായി തുറന്ന ഒരു ഭവനമായി മാറുന്നു – കരുണയുടെ ഇടം” – പാപ്പാ പറഞ്ഞു.