ദൈവസ്നേഹത്തിന്റെ അടയാളമാണ് ജ്ഞാനികളെ നയിച്ച നക്ഷത്രം: എപ്പിഫനി തിരുനാൾ ദിനത്തിൽ പാപ്പ

ലത്തീൻ ആരാധനാക്രമത്തിൽ, കിഴക്കുനിന്നുമുള്ള പൂജരാജാക്കന്മാർ ബത്ലഹേമിൽ യേശുവിനെ സന്ദർശിച്ചു കാഴ്ചകൾ സമർപ്പിച്ചതിന്റെ ഓർമ ആചരിക്കുന്ന പ്രത്യക്ഷീകരണ തിരുനാൾ അഥവാ എപ്പിഫനി തിരുനാൾ ദിനത്തിൽ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വച്ച് നടന്ന വിശുദ്ധ ബലിക്ക്, ഫ്രാൻസിസ് പാപ്പ മുഖ്യകാർമ്മികത്വം വഹിച്ചു. തന്റെ സുവിശേഷ സന്ദേശത്തിൽ, ജ്ഞാനികളെ യേശുവിലേക്ക് നയിച്ച നക്ഷത്രത്തിനു, പ്രത്യാശയുടെ തീർഥാടകരാകുവാൻ വിളിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളുടെ ജീവിതത്തിലുള്ള സ്ഥാനം എടുത്തു പറഞ്ഞു. നക്ഷത്രത്തിന്റെ പ്രകാശപൂരിതമായ മാനത്തെയും, അത് എല്ലാവർക്കും ദൃശ്യമാകുന്നതിനെയും , അതൊരുക്കുന്ന പാതയെക്കുറിച്ചും ഫ്രാൻസിസ് പാപ്പ വെളിപ്പെടുത്തി.

ദൈവീകതയെ മറച്ചുകൊണ്ട്, തങ്ങളെ തന്നെ നക്ഷത്രങ്ങളായി സ്വയം വിശേഷിപ്പിച്ചിരുന്ന ഭരണാധികാരികളല്ല, ജ്ഞാനികളായ രാജാക്കന്മാർക്ക് വഴികാട്ടിയായതെന്നും, അത് നക്ഷത്രം ചൊരിഞ്ഞ ദിവ്യപ്രഭയായിരുന്നുവെന്നും പാപ്പ പറഞ്ഞു. എല്ലാവർക്കും വെളിച്ചം പകരുന്നതും, കരുതലിന്റെ ചൂട് പകരുന്നതുമായ നക്ഷത്രം, ദൈവ സ്നേഹത്തിന്റെ അടയാളമായിരുന്നുവെന്നും പാപ്പ ചൂണ്ടിക്കാണിച്ചു. എല്ലാവർക്കും രക്ഷയുടെയും സന്തോഷത്തിന്റെയും വഴി കാണിക്കാൻ കഴിയുന്ന ഈ നക്ഷത്രമാണ്, നമ്മുടെ ജീവിതത്തിന്റെ ഇരുണ്ട രാത്രികളിൽ പോലും പ്രത്യാശയുടെ കിരണം ചൊരിയുന്നതെന്നും പാപ്പ എടുത്തു പറഞ്ഞു. നക്ഷത്രം അതിന്റെ തിളക്കത്താൽ പൂജരാജാക്കന്മാരെ ബത്ലഹേമിലേക്ക് നയിച്ചതുപോലെ, നമ്മുടെ സ്നേഹത്താൽ, നാം കണ്ടുമുട്ടുന്ന ആളുകളെ യേശുവിന്റെ അടുക്കൽ കൊണ്ടുവരാൻ നമുക്ക് സാധിക്കണമെന്നും, അതിനായി കർത്താവിനോട് പ്രാർഥിക്കണമെന്നും പാപ്പ പറഞ്ഞു.

നക്ഷത്രം എല്ലാവർക്കും ദൃശ്യമായിരുന്നുവെങ്കിലും, അതിനെ തിരിച്ചറിഞ്ഞത് ജ്ഞാനികളായ രാജാക്കന്മാർ മാത്രമായിരുന്നുവെന്നതും പാപ്പ തനറെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. വിശേഷാധികാരമുള്ള ചുരുക്കം ചിലർക്ക് മാത്രമല്ല, മറിച്ച് തന്നെ അന്വേഷിക്കുന്ന ആർക്കും തന്റെ സഹവാസവും, മാർഗനിർദേശവും ഉറപ്പുതരുന്ന ദൈവത്തിന്റെ ഹൃദയവിശാലതയെ ഈ തിരുനാൾ ഓർമപെടുത്തുവെന്നു പാപ്പ പറഞ്ഞു.

എല്ലാവർക്കും വെളിച്ചം നല്കുന്ന നക്ഷത്രം നമ്മെ അനുസ്മരിപ്പിക്കുന്ന യാഥാർഥ്യം ദൈവം, മനുഷ്യനായിത്തീരുന്നതിലൂടെ ഭൂമിയിലെ എല്ലാവർക്കും തന്നെ കണ്ടുമുട്ടുന്നതിനുള്ള ക്ഷണമാണെന്നും, ഇത് തന്നെയാണ് നമുക്ക് നൽകുന്ന ക്രൈസ്തവ ദൗത്യമെന്നും പാപ്പ പറഞ്ഞു. അതിനാൽ അനുദിന ജീവിതത്തിൽ തിരിച്ചുവ്യതാസങ്ങൾ കൂടാതെ എല്ലാവരെയും ചേർത്തുനിർത്തുവാനും, സ്വാഗതത്തിന്റെ ശക്തമായ ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കാനും പാപ്പ ആഹ്വാനം ചെയ്തു. പ്രകാശം എല്ലാവർക്കും ദൃശ്യമാകുന്ന തരത്തിൽ നക്ഷത്രം നിലകൊളളുന്നതുപോലെ സമൃദ്ധിയിലും സമാധാനത്തിലും ഐക്യത്തോടെ ജീവിക്കുവാൻ തക്കവണ്ണം, എല്ലാവർക്കും പ്രകാശമായി നിലകൊള്ളുവാൻ നമുക്ക് സാധിക്കണമെന്നും പാപ്പ പറഞ്ഞു.

ദൈവത്തിങ്കലേക്കുള്ള യാത്രയ്ക്ക് പുറപ്പെടാൻ നമ്മെ ക്ഷണിക്കാനും, അവനുമായി സ്നേഹത്തിൽ വളരാനും, അത് നമ്മുടെ അസ്തിത്വത്തിന്റെ അർഥമാക്കി മാറ്റുന്നതിനും നക്ഷത്രം മാർഗം തെളിയിക്കുന്നതുപോലെ, ഈ ജൂബിലി വർഷത്തിൽ, ആന്തരിക യാത്ര നടത്താൻ നക്ഷത്രത്തിന്റെ വെളിച്ചം നമ്മെ ക്ഷണിക്കുന്നുവെന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് പറഞ്ഞു. ഹൃദയങ്ങളെ വിശാലമാക്കുന്നതിനും, നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന ബന്ധങ്ങൾ ശക്തമാക്കുന്നതിനും ഈ ജൂബിലി വർഷം അവസരമൊരുക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.