ഒരുമയുടെയും ഐക്യത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ വൈദികരോട് ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. വൈദികർ ദൈവവുമായുള്ള തങ്ങളുടെ അടുപ്പം കാത്തുസൂക്ഷിക്കണമെന്നും, പാപ്പാ ഓർമ്മിപ്പിച്ചു. രണ്ടാമതായി വൈദികർ തങ്ങളുടെ മെത്രാനുമായും, മെത്രാൻ തങ്ങളുടെ പുരോഹിതരുമായുള്ള സാമീപ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു.
മൂന്നാമതായി വൈദികർ തങ്ങളുടെ സഹവൈദികരുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ഇത് സെമിനാരിയിൽ ആരംഭിക്കേണ്ട ഒന്നാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നാലാമതായി ദൈവജനവുമായുള്ള അടുപ്പം കാത്തുസൂക്ഷിക്കാനും, വളർത്താനും ഒരു വൈദികന് സാധിക്കേണ്ടതുണ്ടെന്ന് പാപ്പ പറഞ്ഞു.
വിശുദ്ധ കുർബാനയുടെ ആരാധനയുടെ സമയം, ദൈവത്തോടൊത്തായിരിക്കാനും, നിശബ്ദതയിലും തിരുവചനത്തിലും, നമ്മുടെ ചാരത്തിരുന്ന് പ്രാർത്ഥിക്കുന്നവരുടെ വിശ്വാസത്തിലും, ദൈവസ്വരം കേൾക്കാനുമുള്ള സമയമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. സക്രാരിക്ക് മുന്നിലേക്കുള്ള പ്രദക്ഷിണം, ദൈവജനത്തിന് മുന്നിലേക്കുള്ള ക്രിസ്തുവിന്റെ യാത്രയിൽ അവനെ അകമ്പടി സേവിക്കാനും, ജനത്തെ ക്രിസ്തുവിലേക്ക് നയിക്കാനുമുള്ള നമ്മുടെ വിളിയെയാണ് ഓർമ്മിപ്പിക്കുന്നത്. വിശുദ്ധ കുർബാനയിൽ നാമനുഭവിക്കുന്ന, നിത്യതയിലുള്ള കണ്ടുമുട്ടലിന്റെ മുന്നാസ്വാദനം വഴി, പ്രത്യാശയോടെ ഒരുമിച്ച് സഞ്ചരിക്കാൻ നമുക്ക് സാധിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.