റഷ്യൻ ബോംബാക്രമണത്തിനിരയായ ബാലനെ മൂന്നാം തവണയും നെഞ്ചോടുചേർത്ത് മാർപാപ്പ

റഷ്യൻ ബോംബാക്രമണത്തിൽ പൊള്ളലേറ്റ ഉക്രേനിയൻ ബാലൻ ഒലെക്സിവിനെ മൂന്നാം തവണയും ഫ്രാൻസിസ് മാർപാപ്പ ആശ്ലേഷിച്ചു. 2022 ലെ മിസൈൽ ആക്രമണത്തിൽ അതീവഗുരുതരമായി പരിക്കേൽക്കുകയും 33 ലധികം ശസ്ത്രക്രിയകൾക്ക് വിധേയനാവുകയും ചെയ്ത ഒലെക്സിവ് 2023 ലാണ് ആദ്യമായി മാർപാപ്പയെ കണ്ടുമുട്ടുന്നത്. 2024 ലെ ലോക ശിശുദിനത്തിൽ രണ്ടാമതും 2025 ഫെബ്രുവരി മൂന്നിനു നടന്ന, കുട്ടികളുടെ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉച്ചകോടിയിൽ മൂന്നാമതും മാർപാപ്പയുടെ ആശ്ലേഷം ഒലെക്സിവ് ഏറ്റുവാങ്ങി.

2022 ലെ മിസൈൽ ആക്രമണത്തിൽ ഒലെക്സിവിന് അതീവ ഗുരുതരമായി പരിക്കേൽക്കുകയും 45 ശതമാനത്തിലധികം ശരീരം പൊള്ളലേൽക്കുകയും അമ്മ ഉൾപ്പെടെ 28 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഒരു വർഷത്തിനുള്ളിൽതന്നെ 33 ലധികം ശസ്ത്രക്രിയകൾക്ക് ഒലെക്സിവ് വിധേയനായി. ഇച്ഛാശക്തിയുടെ പിൻബലത്തിലാണ് ഒലെക്സിവ് എല്ലാത്തിനെയും അതിജീവിച്ചത്.

ശരീരം ഗുരുതരമായി പൊള്ളലേറ്റിരുന്നതിനാൽ കൈയുറകളും സ്യൂട്ടും മുഖംമൂടിയും ധരിച്ചായിരുന്നു 2023 ഡിസംബർ ആറിന് ഒലെക്സിവ് ആദ്യമായി മാർപാപ്പയെ സന്ദർശിച്ചത്. 2024 മെയ് 25 ന് ലോക ശിശുദിനത്തിൽ മാർപാപ്പയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. 2025 ഫെബ്രുവരി മൂന്നിന് ആരംഭിച്ച, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള അന്താരാഷ്ട്ര ഉച്ചകോടിയുടെ അവസരത്തിലാണ് ഒലെക്സിവ് മൂന്നാമതും മാർപാപ്പയെ കണ്ടുമുട്ടിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.