വിശുദ്ധനാടിന്റെ സംരക്ഷണത്തെ ‘സമാധാനദൗത്യം’ എന്നും ‘സംഘർഷങ്ങൾക്കിടയിലുള്ള സംഭാഷണം’ എന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

‘ഒരു തീർഥാടനംപോലെ – വിശുദ്ധഭൂമിയിലെ എന്റെ ദിനങ്ങൾ’ എന്ന പുതിയ പുസ്തകത്തിന്റെ രചയിതാവും വിശുദ്ധനാടിന്റെ കസ്റ്റോസിൽ ഒരാളുമായ ഫ്രാൻസെസ്‌കോ പാറ്റണെ പ്രശംസിച്ച് ഫ്രാൻസിസ് പാപ്പ. പുസ്തകത്തിനു നൽകിയ ഹൃദയസ്പർശിയായ ആമുഖത്തിലാണ്, സമാധാനത്തിനും സംഭാഷണത്തിനും ഐക്യത്തിനുംവേണ്ടി അശ്രാന്തപരിശ്രമം നടത്തുന്ന പുരോഹിതനെ പാപ്പ അഭിനന്ദിച്ചത്. ഫാ. പാറ്റണും ഇറ്റാലിയൻ പത്രപ്രവർത്തകൻ റോബർട്ടോ സെറ്റേരയും ചേർന്നു രചിച്ച പുസ്തകം സെപ്റ്റംബർ 29 -ന് ബൊലോഗ്നയിൽ നടന്ന ഫ്രാൻസിസ്കൻ ഫെസ്റ്റിവലിൽവച്ച് പ്രകാശനം ചെയ്തു.

നിരവധി ആരാധനാലയങ്ങളിലെ ദൈനംദിനം പ്രവർത്തനങ്ങൾക്കൊപ്പം പ്രതിവർഷം 5,00,000 തീർഥാടകരെ സ്വാഗതം ചെയ്യുന്നതിലും എട്ടു രാജ്യങ്ങളിലെ സന്യാസവൈദികരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഫാ. പാറ്റൺ വഹിച്ച നിർണ്ണായകപങ്ക് ഫ്രാൻസിസ് മാർപാപ്പ തന്റെ ആമുഖത്തിൽ പ്രത്യേകം സൂചിപ്പിച്ചു. പാശ്ചാത്യസഭകളുടെ ഭാവിയിലേക്കുള്ള ഒരു ‘ലബോറട്ടറി’ എന്ന് ഉദ്ധരിച്ച്, അതിന്റെ അന്താരാഷ്ട്ര സ്വഭാവത്തിന്റെ പ്രാധാന്യവും പാപ്പ ഊന്നിപ്പറഞ്ഞു.

76 വർഷങ്ങളായി വിശുദ്ധനാട്ടിൽ നീണ്ടുനിൽക്കുന്ന സംഘർഷം ഉൾപ്പെടെ, അവർ നേരിടുന്ന വെല്ലുവിളികളെ മാർപാപ്പ അംഗീകരിക്കുകയും ഈ സങ്കീർണ്ണതകളിലും ഒരു നാടിനെ വഴിനടത്തുന്നതിൽ ഫാ. പാറ്റന്റെ നേതൃത്വത്തെയും വിനയത്തെയും നിർണ്ണായകതയെയും പ്രശംസിക്കുകയും ചെയ്തു. ഫാ. പാറ്റണിന് നന്ദി രേഖപ്പെടുത്തുകയും വിശുദ്ധനാടിനും അതിന്റെ രക്ഷാധികാരികൾക്കും കർത്താവ് സമാധാനം നൽകട്ടെ എന്ന് ആശംസിക്കുകയും ചെയ്തുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ തന്റെ ആമുഖപ്രസംഗം ഉപസംഹരിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.