ഇന്ന് വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ 21 പുതിയ കർദിനാൾമാരെ വാഴിക്കും. ഈ ചടങ്ങിനോടനുബന്ധിച്ച് ഭാവികർദിനാൾമാർ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒത്തുകൂടുകയും അവിടെ അവർ വിശ്വാസപ്രമാണം പ്രഖ്യാപിക്കുകയും തുടർന്ന് ചുവന്നവസ്ത്രം ധരിച്ച് ഓരോരുത്തരായി മാർപാപ്പയെ സമീപിക്കുകയും ചെയ്യും. പിന്നീട് പരിശുദ്ധ പിതാവ് സ്ഥാനചിഹ്നമായ പർപ്പിൾ കളറുള്ള തൊപ്പിയും മോതിരവും അവരെ ധരിപ്പിക്കും.
“കർദിനാൾമാർ എപ്പോഴും റോം രൂപതയുടെ ഭാഗമായിരിക്കണം. അതിന്റെ ബിഷപ്പും പ്രൈമേറ്റും മാർപാപ്പയാണ്. ഇതിനർഥം കർദിനാൾമാർ എപ്പോഴും റോമുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. അവർ വിവിധ രാജ്യങ്ങളിൽനിന്നു വന്നാലും, ആ നിമിഷം മുതൽ പുതിയ കർദിനാൾമാർ വത്തിക്കാനിലെ ഡിക്കാസ്റ്ററികളിൽ പങ്കെടുക്കാനുള്ള കഴിവ് നേടുന്നു. അവിടെ അവർ സഭയുടെ ഭരണത്തിൽ പത്രോസിന്റെ പിൻഗാമിയുമായി സഹകരിക്കുന്നു” – വത്തിക്കാനിൽ നിന്നുള്ള ആൻഡ്രിയ ഗാഗ്ലിയാർഡൂച്ചി വിശദീകരിച്ചു.
2007 -ൽ ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ പരിഷ്കരിച്ച നിയമങ്ങളനുസരിച്ച്, റോമിലെ അടുത്ത ബിഷപ്പിനെ തിരഞ്ഞെടുക്കുന്നതിന് കോൺക്ലേവ് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ എത്തണം. ഇന്ന് 21 പുതിയ കർദിനാൾമാരെ വാഴിക്കുന്നതോടെ കർദിനാൾമാരുടെ കോളേജിൽ ആകെ 242 അംഗങ്ങൾ ഉണ്ടാകും. അതിൽ 137 പേർക്ക് ഇനി നടക്കുന്ന കോൺക്ലേവിൽ വോട്ടവകാശം ഉണ്ടായിരിക്കും. അതേസമയം 105 പേർ പ്രായപരിധി കഴിഞ്ഞതിനാൽ വോട്ടർമാരാകില്ല.