ലെബനനിലെ വെടിനിർത്തൽ കരാറിൽ സന്തോഷമറിയിച്ച് ഫ്രാൻസിസ് പാപ്പ

ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ ഏറെ ദുരിതമനുഭവിച്ചിരുന്ന ലെബനനിലെ സാധാരണ ജനതയ്ക്ക് ആശ്വാസമേകുന്ന വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഡിസംബർ ഒന്നിന് വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മധ്യാഹ്നപ്രാർഥനയുടെ അവസാനമാണ് പാപ്പ തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

ഇരുകൂട്ടരും വെടിനിർത്തൽ കരാർ ആദരവോടെ അംഗീകരിച്ചു മുൻപോട്ടു കൊണ്ടുപോകുകയാണെങ്കിൽ ലെബനൻ ജനതയ്ക്കും ഇസ്രായേൽ ജനതയ്ക്കും ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയുടെയും ലെബനൻ സേനയുടെയും സഹായത്തോടെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപ്പോകാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന ശുഭാപ്തിവിശ്വാസവും പാപ്പ പ്രകടിപ്പിച്ചു.

ലെബനനിൽ യാഥാർഥ്യമായ ഈ വെടിനിർത്തൽ കരാർ യുദ്ധം നടക്കുന്ന മറ്റിടങ്ങളിലും പ്രത്യേകമായി ഗാസ മുനമ്പിലും സാധ്യമാകട്ടെയെന്നും പാപ്പ ആശംസിച്ചു. ഇപ്പോഴും ഹമാസ് തീവ്രവാദികളുടെ ബന്ധനത്തിൽ കഴിയുന്ന ഇസ്രായേൽക്കാരുടെ കാര്യത്തിൽ തനിക്കുള്ള ആശങ്കകളും പാപ്പ പങ്കുവച്ചു. അതോടൊപ്പം, പാലസ്തീനിലെ സാധാരണ ജനതയ്ക്ക് ലഭിക്കേണ്ടുന്ന മാനുഷികസഹായങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള കാലതാമസത്തിലും പാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു. സിറിയയിൽ യുദ്ധം പുനരാരംഭിച്ചതിലുള്ള ഹൃദയവ്യഥയും പാപ്പ എടുത്തുപറഞ്ഞു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.