ഹൃദയത്തിന്റെ ഇരട്ടത്താപ്പ് എന്നത് ശ്രദ്ധിക്കേണ്ട ഒരു അപകടമാണെന്ന് സൂചിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച ആഞ്ചലൂസ് പ്രാർഥനയിൽ നൽകിയ സന്ദേശത്തിലാണ്, ഒന്ന് പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയുംചെയ്യുന്ന മനുഷ്യരുടെ സ്വഭാവത്തിന്റെ അപകടത്തെക്കുറിച്ച് പാപ്പാ മുന്നറിയിപ്പ് നൽകിയത്.
“ഹൃദയത്തിന്റെ ഇരട്ടത്താപ്പ് എന്നത് ശ്രദ്ധിക്കേണ്ട ഒരു അപകടമാണ്. കാരണം അത് നമ്മുടെ സാക്ഷ്യത്തിന്റെ ആധികാരികതയെയും ആളുകളെന്ന നിലയിലും ക്രിസ്ത്യാനികളെന്ന നിലയിലുള്ള നമ്മുടെ വിശ്വാസ്യതയെയും അപകടത്തിലാക്കുന്നു. നമ്മുടെ ദുർബലത കാരണം, പറയുന്നതിനും പ്രവർത്തിക്കുന്നതിനുമിടയിൽ ഒരു നിശ്ചിത അകലം നമുക്കെല്ലാവർക്കും അനുഭവപ്പെടുന്നു. അതിനാൽ ജീവിതത്തിലോ, സമൂഹത്തിലോ, സഭയിലോ ഉത്തരവാദിത്വത്തിന്റെ റോൾ ഏറ്റെടുക്കാൻ വിളിക്കപ്പെടുമ്പോൾ നമ്മുടെ ജീവിതം ഇരട്ടത്താപ്പല്ല എന്ന് ഉറപ്പുവരുത്തണം” – പാപ്പാ പറഞ്ഞു.
ഒരു പുരോഹിതൻ, ഒരു അജപാലകൻ, ഒരു രാഷ്ട്രീയക്കാരൻ, ഒരു അധ്യാപകൻ അല്ലെങ്കിൽ പിതാവിന്, ഈ നിയമം എല്ലായ്പ്പോഴും ബാധകമാണ്. നിങ്ങൾ എന്താണ് പറയുന്നത്, നിങ്ങൾ മറ്റുള്ളവരോട് എന്താണ് പ്രസംഗിക്കുന്നത്, ആദ്യം അത് ജീവിക്കാൻ സ്വയം സമർപ്പിക്കുക. അധികാരമുള്ള അധ്യാപകരാകാൻ ആദ്യം വിശ്വസനീയമായ സാക്ഷികളാകേണ്ടത് ആവശ്യമാണ് എന്നും പാപ്പാ കൂട്ടിച്ചേർത്തു.
“ആന്തരികജീവിതത്തേക്കാൾ ബാഹ്യമായവയ്ക്ക് പ്രാധാന്യം നൽകുന്നത് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഒരു രോഗമാണ്. ഉള്ളിലുള്ളത് മറച്ചുവച്ചിട്ട് പുറമെ മനോഹരമായി കാണപ്പെടാൻ ആഗ്രഹിക്കുന്നവരാണ് പലരും. അത് ശരിയല്ല. അതിനാൽ നാം പ്രസംഗിക്കുന്നത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണോ അതോ ഇരട്ടത്താപ്പിൽ ജീവിക്കുകയാണോ? ബാഹ്യമായി കുറ്റമറ്റതായി കാണപ്പെടുന്നതിൽ മാത്രമാണോ നാം ശ്രദ്ധിക്കുന്നത്, അതോ നമ്മുടെ ഹൃദയത്തിന്റെ ആത്മാർഥതയിൽ നമ്മുടെ ആന്തരികജീവിതത്തെ പരിപാലിക്കുന്നുണ്ടോ? എന്ന് നമ്മോട് തന്നെ ചോദിക്കണം” – പാപ്പാ ഓർമിപ്പിച്ചു.