
ആഴത്തിലുള്ള ആത്മീയതയിലേക്ക് ക്ഷണിച്ചുകൊണ്ട് ‘കൊക്കൊക്കോള ആത്മീയത’ ഒഴിവാക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. പൊന്തിഫിക്കൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും അധ്യായനവർഷ ആരംഭത്തോടനുബന്ധിച്ച് പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം ഓർമപ്പെടുത്തിയത്.
“നിങ്ങൾ എവിടേക്കാണ് പോകുന്നതെന്നും എന്താണ് ചെയ്യുന്നതെന്നും സ്വയം ചോദിച്ചിട്ടുണ്ടോ? ആത്യന്തികമായ ലക്ഷ്യം മറന്ന് എവിടേക്കാണ് പോകുന്നതെന്ന് അറിയേണ്ടത് ആവശ്യമാണ്. അന്ത്യത്തെക്കുറിച്ചുള്ള അവബോധമില്ലാതെ കൊക്കൊക്കോള ആത്മീയതയിൽ നയിക്കപ്പെടുന്നവരാകരുത്” – ക്ഷണികവും ആഴമില്ലാത്തതുമായ ആത്മീയതയെ കൊക്കൊക്കോളയോട് ഉപമിച്ചുകൊണ്ട് മാർപാപ്പ സന്ദേശം നൽകി. വി. ഫ്രാൻസിസ് സേവ്യറിനെ പരാമർശിച്ചുകൊണ്ട് നമ്മുടെ സഹോദരീസഹോദരന്മാർക്കായി മിഷനറിമാരാകേണ്ടതിന്റെ ആവശ്യകതയെയും മാർപാപ്പ പങ്കുവച്ചു.