ഫ്രാൻസിസ് പാപ്പ സന്ദർശിക്കുന്ന കോർസിക്ക ദ്വീപ്: അറിയേണ്ട ചില കാര്യങ്ങൾ

ഡിസംബർ 15 ഞായറാഴ്ച, ഫ്രാൻസിസ് മാർപാപ്പ ഫ്രാൻസിലെ ദ്വീപായ കോർസിക്കയുടെ തലസ്ഥാനമായ അജാസിയോ സന്ദർശിക്കും. ഫ്രാൻസിസ് പാപ്പ 47-ാമത് അപ്പസ്തോലിക യാത്ര നടത്തുന്ന കോർസിക്കയെക്കുറിച്ച് കൂടുതൽ അറിയാം.

കോർസിക്ക എവിടെയാണ്?

മെഡിറ്ററേനിയൻ കടലിലെ ഒരു ദ്വീപാണ് കോർസിക്ക. ഇത് ഇറ്റലിയുടെ പ്രധാന ഭൂപ്രദേശത്തിന് പടിഞ്ഞാറും ഇറ്റാലിയൻ ദ്വീപായ സാർഡിനിയയുടെ വടക്കുഭാഗത്തും സ്ഥിതിചെയ്യുന്നു. ചക്രവർത്തി നെപ്പോളിയൻ ബോണപാർട്ട് ജനിച്ചത് തലസ്ഥാന നഗരമായ അജാസിയോയിൽ ആണ്. 1769 ൽ ഈ ദ്വീപ് ഫ്രാൻസ് പിടിച്ചെടുത്തു.

കോർസിക്കനൊപ്പം ദ്വീപിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ ഫ്രഞ്ച് ആണ്. ചില പ്രദേശങ്ങളിലെ ആളുകൾ ഒരു പ്രാദേശിക ഇറ്റാലോ-ഡാൽമേഷ്യൻ ഭാഷയും സംസാരിക്കുന്നു. ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം കോർസിക്കയുടെ ജനസംഖ്യ 3,55,528 ആണ്.

ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം ലക്ഷ്യമിടുന്നത്

രാവിലെ ഒമ്പതു മണിക്ക് വിമാനമിറങ്ങിയതിനുശേഷം കോർസിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ പരിപാടി അജാസിയോയുടെ കോൺഫറൻസ് സെന്ററിലായിരിക്കും നടക്കുന്നത്. അവിടെ അദ്ദേഹം മെഡിറ്ററേനിയൻ മേഖലയിലെ ജനകീയഭക്തിയെക്കുറിച്ച് – ആരാധനാക്രമത്തിനു പുറമെയുള്ള വിശ്വാസത്തിന്റെ പ്രകടനങ്ങൾ – (popular piety) എന്ന കോൺഫറൻസിൽ സമാപനസന്ദേശം നൽകും. തുടർന്ന് ഔവർ ലേഡി ഓഫ് അസംപ്ഷൻ കത്തീഡ്രലിൽ മാർപാപ്പ പ്രാദേശിക വൈദികരെയും വിശ്വാസികളെയും അഭിസംബോധന ചെയ്യും. അവിടെ ആഞ്ചലൂസ് പ്രാർഥനയ്ക്കും പാപ്പ നേതൃത്വം നൽകും.

തുടർന്ന് ഉച്ചഭക്ഷണത്തിനും കുറച്ച് സമയം വിശ്രമത്തിനും ശേഷം ഫ്രാൻസിസ് പാപ്പ നെപ്പോളിയൻ ബോണപാർട്ടിന്റെ ജന്മസ്ഥലത്തെ സ്മരിക്കുന്ന പാർക്കായ പ്ലേസ് ഡി ഓസ്റ്റർലിറ്റ്സിൽ വിശുദ്ധ കുർബാന അർപ്പിക്കും. അതിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. തുടർന്ന് ഏഴുമണിയോടെ ഫ്രാൻസിസ് മാർപാപ്പ റോമിൽ തിരികെയെത്തുമെന്നു പ്രതീക്ഷിക്കുന്നു.

ആരാധനാക്രമത്തിനു പുറമെയുള്ള വിശ്വാസപ്രകടനങ്ങൾ

2001 ൽ ദൈവിക ആരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനും വേണ്ടിയുള്ള സഭ പ്രസിദ്ധീകരിച്ച ‘ജനപ്രിയ ഭക്തിയും ആരാധനക്രമവും: തത്വങ്ങളും മാർഗനിർദേശങ്ങളും’ എന്ന ഡയറക്‌ടറിയിൽ, വത്തിക്കാൻ ജനകീയഭക്തിയെ ‘സ്വകാര്യ അല്ലെങ്കിൽ സാമുദായിക സ്വഭാവത്തിന്റെ വൈവിധ്യമാർന്ന ആരാധനാപ്രകടനങ്ങൾ’ എന്ന് വിശേഷിപ്പിച്ചു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.