സമാധാനരഹിതവും ആശങ്കാപൂർണ്ണവുമായ ഒരു ലോകത്ത് നമുക്ക് വലിയൊരു മാതൃകയാണ് വി. ഫ്രാൻസിസ് അസ്സീസി പകരുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. വി. ഫ്രാൻസിസ് അസ്സീസിയുടെ തിരുനാൾദിവസമായ ഒക്ടോബർ മാസം നാലാം തീയതി പോസ്റ്റ് ചെയ്ത തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ വിശുദ്ധന്റെ മാതൃക അനുകരിക്കാൻ ആഹ്വാനംചെയ്തത്.
“വലിയ പോരാട്ടത്തിന്റെയും വിഭജനത്തിന്റെയും കാലഘട്ടത്തിൽ, അസ്സീസിയിലെ വി. ഫ്രാൻസിസ് ആരെയും വിമർശിക്കുകയോ, ആക്രമിക്കുകയോ ചെയ്തില്ല. മറിച്ച് സുവിശേഷത്തിന്റെ ആയുധങ്ങൾ മാത്രമാണ് ഉപയോഗിച്ചത്. വിനയവും ഐക്യവും പ്രാർഥനയും ദാനധർമ്മവും. നമുക്കും അങ്ങനെ ചെയ്യാം” – പാപ്പാ കുറിച്ചു.
വിമർശനത്തിനും ആക്ഷേപത്തിനും പകരമായി ലോകത്തെ ദൈവത്തിങ്കലേക്കടുപ്പിക്കാൻ ഈ നന്മകൾ കാട്ടിത്തന്ന വിശുദ്ധന്റെ ജീവിതമാതൃക നമുക്കും പ്രചോദനമാകട്ടെയെന്ന് തിരുനാൾ ദിനത്തിൽ പാപ്പാ പ്രത്യേകം ഓർമ്മപ്പെടുത്തി.