ഇറ്റാലിയിലെ സിനിസിറ്റ സ്റ്റുഡിയോകൾ ഫെബ്രുവരി 17 ന് ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കും. ആഗോള ചലച്ചിത്ര വ്യവസായത്തിന്റെ പ്രതീകങ്ങളിൽ ഒന്നായ ഈ സ്ഥലത്തു വച്ച് ജൂബിലിയോട് അനുബന്ധിച്ച് പരിശുദ്ധ പിതാവ് കലാകാരന്മാരുമായും സാംസ്കാരിക പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തും. ഇവിടെ ഇതിനോടകം 3000 ത്തിലധികം സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്.
ഡിസംബർ 24 ന് ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നതോടെ ആരംഭിച്ച ഈ ജൂബിലി വർഷത്തിൽ നടക്കുന്ന 36 പരിപാടികളിൽ ഒന്നാണ് മാർപാപ്പയുടെ ഈ സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി ആർട്ട് മ്യൂസിയങ്ങളുടെയും അക്കാദമിക്, സാംസ്കാരിക സ്ഥാപനങ്ങളുടെയും ഡയറക്ടർമാരെയും ഓപ്പറേറ്റർമാർരെയും ഉൾപ്പെടുത്തിക്കൊണ്ട് ‘ഷെയറിംഗ് ഹോപ്പ് – ഹൊറൈസൺസ് ഫോർ കൾച്ചറൽ ഹെറിറ്റേജ്’ എന്ന പേരിൽ അന്താരാഷ്ട്ര മീറ്റിംഗ് ആയിരിക്കും ആദ്യത്തെ പ്രധാന പരിപാടി.
ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ പത്തുമണിക്ക് വത്തിക്കാൻ മ്യൂസിയങ്ങളുടെ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഈ സമ്മേളനത്തിൽ ഡിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എഡ്യൂക്കേഷന്റെ പ്രീഫെക്ട് കർദിനാൾ ജോസ് ടോളന്റിനോ ഡി മെൻഡോൻസയും മ്യൂസിയംസ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഡോ. ബാർബറ ജട്ടയും അധ്യക്ഷത വഹിക്കും.