ഫ്രാൻസിസ് പാപ്പായുടെ മാർസെയിൽ സന്ദർശനം ആരംഭിച്ചു

സാംസ്കാരിക വൈവിധ്യസമ്പന്നതയ്ക്ക് പേരുകേട്ട മാർസെയിലിൽ ഫ്രാൻസിസ് പാപ്പാ എത്തിച്ചേർന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 -ന് റോമിലെ ഫ്യൂമിചീനോ വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട ഫ്രാൻസിസ് പാപ്പാ 4.15 -ന് മാർസെയിലിൽ എത്തി. മെഡിറ്ററേനിയൻ മീറ്റിംഗിന്റെ സമാപനത്തിൽ സംബന്ധിക്കാനായാണ് ഈ സന്ദർശനം.

മേഖലയിലെ വൈവിധ്യമാർന്ന ജനതകൾ, മതങ്ങൾ, സംസ്കാരങ്ങൾ എന്നിവതമ്മിൽ ഐക്യം വളർത്താൻ ലക്ഷ്യമിട്ട് സഭയുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് മെഡിറ്ററേനിയൻ മീറ്റിംഗ്. രണ്ടുദിവസം നീളുന്ന ഈ ഹ്രസ്വയാത്രയിൽ ഫ്രാൻസിസ് പാപ്പാ, മെഡിറ്ററേനിയൻ മീറ്റിംഗുകളുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കും. ഫ്രഞ്ച് പ്രധാനമന്ത്രി നൽകുന്ന സ്വീകരണത്തിനുശേഷം നോത്ര ദാം ഡി-ലാ ഗാർഡെ ബസിലിക്കയിൽ പ്രാർഥന നടത്തിക്കൊണ്ടാണ് സന്ദർശനം ആരംഭിച്ചത്. അവിടെ ആദ്യം രൂപതയിലെ വൈദികരോടൊപ്പവും പിന്നീട് നാവികർ, കുടിയേറ്റക്കാർ, അഭയാർഥികൾ എന്നിവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകളിൽ നിന്നുള്ള പ്രൊഫഷണലുകളോടൊപ്പവും പാപ്പാ പ്രാർഥിച്ചു.

ഇന്ന് ഫ്രാൻസിസ് പാപ്പാ മെഡിറ്ററേനിയൻ യോഗങ്ങളുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കും. വടക്കേ ആഫ്രിക്ക, മധ്യ-കിഴക്കൻ രാജ്യങ്ങൾ, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള മെത്രാന്മാരും യുവാക്കളും സമ്മേളനത്തിൽ ഒരുമിച്ചുവരും. മീറ്റിംഗിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സ്വകാര്യ കൂടിക്കാഴ്ച നടക്കും. ഉച്ചയ്ക്കുശേഷം മാർസെയിലെ വെലോഡ്രോം സ്റ്റേഡിയത്തിൽ വിശുദ്ധ ബലി അർപ്പിക്കുകയും ചെയ്യും. പിന്നീട് മടക്കയാത്ര ആരംഭിക്കുന്ന പാപ്പാ ശനിയാഴ്ച രാത്രി 8.50 -ന് റോമിൽ തിരിച്ചെത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.