വത്തിക്കാനിലെ അപ്പോസ്തോലിക കൊട്ടാരത്തിന്റെ ജനാലയിൽനിന്ന് ഒക്ടോബർ അഞ്ചിന് ഞായറാഴ്ച ഫ്രാൻസിസ് മാർപാപ്പ ഭാവികർദിനാൾമാരായ 22 പേരുടെ ലിസ്റ്റ് വായിച്ചപ്പോൾ അതിൽ ആദ്യത്തെ പേര് ആർച്ചുബിഷപ്പ് ആഞ്ചലോ അസെർബിയയുടേതായിരുന്നു. ഇപ്പോൾ 99 വയസ്സുള്ള ആർച്ചുബിഷപ്പ്, ഫ്രാൻസിസ് മാർപാപ്പ താമസിക്കുന്ന കാസ സാന്താ മാർത്തയിൽ തന്നെ താമസിക്കുന്ന ആളാണ്.
ഡിസംബർ എട്ടിന് ആർച്ചുബിഷപ്പ് ആഞ്ചലോ അസെർബിയ, കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നതോടെ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ കർദിനാൾ ഇനി ആർച്ചുബിഷപ്പ് അസെർബിയ ആകും. 1974-ൽ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ ന്യൂസിലാന്റിലെ അപ്പോസ്തോലിക അനുകൂല പ്രതിനിധിയായും പസഫിക് ഓഷനിലെ അപ്പോസ്തോലിക പ്രതിനിധിയായും നിയമിച്ചു. ചരിത്രത്തിൽ ആദ്യമായി വത്തിക്കാന് ഈ പ്രദേശങ്ങളിൽ നേരിട്ടുള്ള പ്രാതിനിധ്യം ഉണ്ടായത് ആ സമയത്തായിരുന്നു.
1979-ൽ വി.ജോൺ പോൾ രണ്ടാമൻ പാപ്പ, ആർച്ചുബിഷപ്പ് അസെർബിയയെ കൊളംബിയയിലേക്ക് അപ്പോസ്തോലിക പ്രതിനിധിയായി നിയമിച്ചു. അടുത്ത വർഷം ഫെബ്രുവരിയിൽ ഡൊമിനിക്കൻ റിപ്പബ്ലിക് എംബസിക്കു നേരെയുണ്ടായ ആക്രമണത്തിനിടെ എം-19 മൂവ്മെന്റിലെ ഗറില്ലകൾ അദ്ദേഹത്തെയും മറ്റ് 26 പേരെയും തട്ടിക്കൊണ്ടുപോയി. അപ്പോൾ 55 വയസ്സുണ്ടായിരുന്ന ബിഷപ്പ് അസെർബിയെ ആറ് ആഴ്ചകൾക്കുശേഷം മോചിപ്പിച്ചു; തടവിലായിരുന്ന സമയത്ത് അദ്ദേഹം എല്ലാ ദിവസവും വിശുദ്ധ കുർബ്ബാന അർപ്പിച്ചിരുന്നു.
സെല്ല (യൂനെസ്) ആർച്ച്ബിഷപ്പ് എമെറിറ്റസ് കൂടിയായ അദ്ദേഹം ഹംഗറി, മോൾഡോവ, നെതർലാന്റ്സ് എന്നിവിടങ്ങളിൽ അപ്പോസ്തോലിക പ്രതിനിധി ആയിരുന്നു. മാൾട്ടയിലെ സോവറിൻ മിലിട്ടറി ഓർഡറിന്റെ പുരോഹിതൻ കൂടിയായിരുന്നു അദ്ദേഹം.